ബംഗളൂരു: തന്‍റെ പാർട്ടിക്ക് അധികാരത്തിലോ പ്രധാനമന്ത്രി പദത്തിലോ താത്പര്യമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബംഗളൂരുവിൽ ചേരുന്ന വിശാല പ്രതിപക്ഷ യോഗത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയും പ്രസിഡന്‍റും മറ്റു നേതാക്കളും സംസ്ഥാനങ്ങൾതോറും ഓടിനടന്ന് പഴയ സഖ്യകക്ഷികളുമായുള്ള പ്രശ്നങ്ങൾ ഒതുക്കിത്തീർക്കുന്ന തിരക്കിലാണെന്നും ഖാർഗെ പരിഹസിച്ചു. 303 സീറ്റ് ബിജെപിക്ക് ഒറ്റയ്ക്ക് കിട്ടിയതല്ല, സഖ്യകക്ഷികളുടെ സഹായത്തോടെ കിട്ടിയതാണ്. ആവശ്യം കഴിഞ്ഞപ്പോൾ അവരെ ബിജെപി അവഗണിച്ചെന്നും ഖാർഗെ പറഞ്ഞു.
26 പാർട്ടികളാണ് ഇപ്പോൾ വിശാല പ്രതിപക്ഷ സഖ്യത്തിലുള്ളതെന്നും, 11 സംസ്ഥാനങ്ങളിൽ ഈ സഖ്യത്തിലുള്ള പാർട്ടികളാണ് അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രസിഡന്‍റായി കോൺഗ്രസിന്‍റെ മുൻ പ്രസിഡന്‍റ് സോണിയ ഗാന്ധിയെയും, കൺവീനറായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും തെരഞ്ഞെടുക്കുമെന്നും സൂചനയുണ്ട്. ദ്വിദിന സമ്മേളനത്തിൽ രാഹുൽ ഗാന്ധി, മുഖ്യമന്ത്രിമാരായ എം.കെ. സ്റ്റാലിൻ, നിതീഷ് കുമാർ, അരവിന്ദ് കെജ്‌രിവാൾ, ഹേമന്ത് സോറൻ, മമത ബാനർജി, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.