ജൽഗാവ് (മഹാരാഷ്ട്ര): മുസ്ലീം പള്ളിയ്ക്ക് ക്ഷേത്രത്തിന്റെ രൂപമെന്ന പരാതിയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ പുരാതന മുസ്ലീം പള്ളി അടച്ചതിൽ ഹർജിയുമായി ജുമ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ പുരാതന മുസ്ലീം പള്ളിയാണ് ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന് അടച്ചിരുന്നത്. ഇതിനെതിരെയാണ് ജുമ മസ്ജിദ് ട്രസ്റ്റ് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിൽ ഹർജി നൽകിയത്. ഹർജി കോടതി 2023 ജൂലൈ 18ന് പരിഗണിക്കും.
പള്ളിയുടെ നിർമിതിയ്ക്ക് ക്ഷേത്രത്തോട് സാമ്യമുണ്ടെന്ന പരാതിയെത്തുടർന്ന് ജൂലൈ 11നാണ് ജില്ലാ കളക്ടർ പള്ളി അടച്ചുപൂട്ടി ആരാധന നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ക്രിമിനൽ നടപടി ചട്ടത്തിലെ 144,145 വകുപ്പുകൾ പ്രകാരമായിരുന്നു ഉത്തരവ്. പള്ളിയുടെ താക്കോൽ മുൻസിപ്പൽ കൗൺസിലർ ഓഫ് ചീഫ് ഓഫിസർക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് പള്ളി ട്രസ്റ്റ് നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.
ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് അൽതാഫ് ഖാൻ മുഖേനെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി വിശ്വാസികൾ പള്ളിയിൽ ആരാധന നടത്തിവരികയാണെന്നും മഹാരാഷ്ട്രയിലെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ പള്ളിയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഹർജിയിലൂടെ ട്രസ്റ്റ് വാദിക്കുന്നത്. പള്ളിയെക്കുറിച്ച് പുരാവസ്തു വകുപ്പിനോ സംസ്ഥാന സർക്കാരിനോ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഹർജിക്കാർ വാദിക്കുന്നു




