ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഓടുന്ന കാറിൽ യുവാവിനെ ക്രൂരമായി മർദിക്കുകയും നിർബന്ധിച്ച് കാൽ നക്കിക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത്. സംഭവം വലിയ വിവാദമായതോടെ പോലീസ് കേസെടുക്കുകയും യുവാവിനെ മർദിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് മധ്യപ്രദേശിൽനിന്ന് മനുഷ്യത്വരഹിതമായ മറ്റൊരു വാർത്ത കൂടി പുറത്തുവന്നത്.
വാഹനത്തിന്റെ പിൻസീറ്റിലിരിക്കുന്ന ഒരാളെ മറ്റൊരാൾ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കാൽ നക്കാൻ നിർബന്ധിച്ച് തല്ലുന്നതും യുവാവ് അയാളുടെ കാൽ നക്കുന്നതും വീഡിയോയിലുണ്ട്. യുവാവിനുനേരെ അസഭ്യവർഷം നടത്തുകയും മുഖത്ത് ചെരിപ്പുകൊണ്ട് പലതവണ അടിക്കുകയും ചെയ്യുന്നുണ്ട്.
ഏതാനും ദിവസം മുമ്പാണ് സിദ്ധി ജില്ലയിൽ ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പിയുടെ പ്രാദേശിക നേതാവായ പ്രവേശ് ശുക്ല എന്നയാൾ മൂത്രമൊഴിക്കുന്ന വീഡിയോ ദൃശ്യം പുറത്തുവന്നത്. എസ്.സി./ എസ്.ടി. പീഡനനിരോധന നിയമം, ദേശീയ സുരക്ഷാ നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം വലിയ വിവാദമായതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഇരയായ ആദിവാസി യുവാവിനെ വസതിയിലെത്തിച്ച് കാൽകഴുകി മാപ്പുപറഞ്ഞിരുന്നു.



