കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ സുകന്ത മംജുംദാർ. ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ ഏറ്റുമുട്ടലിൽ പതിനാല് പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ബി.ജെ.പി. അധ്യക്ഷന്റെ കത്ത്. 2023 ജൂലൈ 8 ശനിയാഴ്ച രാവിലെ 7 മണിക്ക് പോളിങ് ആരംഭിച്ചതിന് തൊട്ടു പിന്നാലെ സംഘർഷമുണ്ടാവുകയായിരുന്നു.
ബംഗാളിൽ നടന്ന സംഘർഷത്തെ കുറിച്ച് അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രണ്ട്, മൂന്ന് ജില്ലകളിൽ മാത്രമാണ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ വിവിധ ബൂത്തുകൾ പ്രവർത്തകർ കയ്യേറി അടിച്ച് തകർക്കുന്ന സ്ഥിതിയുണ്ടായി. പലയിടങ്ങളിലും ബാലറ്റ് പേപ്പറുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്.
ബാലറ്റ് പെട്ടികളിൽ ബി.ജെ.പി വെള്ളം ഒഴിച്ചു നശിപ്പിച്ചതായും തൃണമൂൽ ആരോപിച്ചു. മൂർഷിദാബാദിൽ അഞ്ച് തൃണമൂൽ പ്രവർത്തകരും നോർത്ത് 24 പാരഗ്നാസിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ ബൂത്ത് ഏജന്റും കൂച്ച്‌ബെഹാറിൽ ബി.ജെ.പി സ്ഥാനാർഥിയുടെ ബൂത്ത് ഏജന്റും കൊല്ലപ്പെട്ടു. സ്ഥാനാർഥിയ്ക്കും ഏജന്റിനും നേരെ ബോംബാക്രമണമുണ്ടാവുകയായിരുന്നു..

