സ്പെഷ്യൽ റിപ്പോര്‍ട്ട്
ശ്രുതി ലാൽ

ട്വിറ്ററിന് എതിരാളിയായി മെറ്റയുടെ ത്രെഡ്സ്

July 7, 2023 - 12:25 pm

ന്യൂഡല്‍ഹി: ട്വിറ്ററിന് എതിരാളിയായി പുതിയ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമുമായി രംഗത്തെത്തിയിരിക്കുകയാണ മെറ്റ.ത്രെഡ്സ് എന്ന പേരിലാണ് മെറ്റ പുതിയ ബ്ലോഗിങ് പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നത്. ത്രെഡ്സ് 2 മണിക്കൂറിനുള്ളില്‍ 2 ദശലക്ഷം ഉപയോക്താക്കളെ സ്വീകരിച്ചു. ഈ പ്ലാറ്റ്ഫോം ആഗോള തലത്തിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ത്രെഡ്സ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഇന്‍സ്റ്റഗ്രാമിന്റെ എക്സ്റ്റന്‍ഷനായാണ് മെറ്റ ത്രെഡ്സിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ ട്വിറ്ററിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന വിധത്തിലാണ് ത്രെഡ്‌സിന്റെ രൂപകല്‍പ്പനയും സവിശേഷതകളും എന്നത് ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

സവിശേഷകള്‍

ത്രെഡ്സ് പോസ്റ്റ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ എളുപ്പത്തില്‍ പങ്കിടാനാകും. ട്വിറ്റര്‍ ഇതുവരെ നേരിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഭീഷണിയായി ആണ് ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ടെക്സ്റ്റ് പങ്കിടല്‍ ആപ്പായ ത്രെഡുകളെ വിശേഷിപ്പിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ വേരിഫൈഡ് ഉപയോക്താക്കള്‍ക്ക് സൈന്‍ അപ്പ് ചെയ്യുമ്പോള്‍ ത്രെഡ്സില്‍ ഓട്ടോമാറ്റിക്കായി ബ്ലൂ ടിക്ക് ലഭിക്കും. ത്രെഡ്സ് ലോഗിന്‍ ചെയ്യാനായി ഇന്‍സ്റ്റാഗ്രാം ഐഡി ഉപയോഗിക്കാവുന്നതാണ്. ഫോണില്‍ ഇന്‍സ്റ്റാഗ്രാം ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് വിവരങ്ങള്‍ ടൈപ്പ് ചെയ്ത് നല്‍കാതെ, പെര്‍മിഷന്‍ കൊടുത്താല്‍ ഇന്‍സ്റ്റഗ്രാം ലോഗിന്‍ ഡാറ്റ ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി ത്രെഡ്സ് ലോഗിന്‍ ചെയ്യാവുന്നതാണ്. ഇന്‍സ്റ്റഗ്രാം ഫോട്ടോ, വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമായാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ത്രെഡ്സ് മെറ്റയുടെ ടെക്സ്റ്റ് ഷെയറിങ് പ്ലാറ്റ്ഫോമാണ്.

ട്വിറ്ററിനെപ്പോലെ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ത്രെഡ്സില്‍ ഓരോ പോസ്റ്റിലും 500 ക്യാരക്ടറുകള്‍ വരെ ചേര്‍ക്കാനേ കഴിയുകയുള്ളൂ. ലിങ്കുകളും ഫോട്ടോകളും ഒരു പോസ്റ്റിന് പത്ത് വരെയാണ് ചേര്‍ക്കാന്‍ കഴിയുകയുള്ളൂ. കൂടാതെ അഞ്ച് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാന്‍ സൗകര്യമുണ്ട്. നമ്മുടെ ത്രെഡ്സ് പോസ്റ്റിന് ആര്‍ക്കൊക്കെ റിപ്ലെ നല്‍കാം എന്ന കാര്യം ഉപയോക്താക്കള്‍ക്ക് നിയന്ത്രിക്കാനുമാകും. ത്രെഡ്സില്‍ ഒരു പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യാനും കണ്‍ട്രോള്‍ ചെയ്യാനും പ്രൊഫൈലുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും കഴിയും. കൂടാതെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തിട്ടുള്ള എല്ലാ അക്കൗണ്ടുകളും ത്രെഡ്സിലും ഓട്ടോമാറ്റിക്കായി ബ്ലോക്ക് ചെയ്യപ്പെടും. ക്ലോസ് ഫ്രണ്ട്സ് ഫീച്ചര്‍, ഡയറക്റ്റ് മെസേജ് ഫീച്ചര്‍ എന്നിവ ത്രെഡ്സില്‍ നല്‍കിയിട്ടില്ല. ഈ പ്ലാറ്റ്ഫോമില്‍ ഇപ്പോള്‍ സ്റ്റോറികള്‍ പോസ്റ്റ് ചെയ്യാനും  കഴിയില്ല.

Share
Kreate@gmail.com'

Leave a Reply

Your email address will not be published. Required fields are marked *