സ്പെഷ്യൽ റിപ്പോര്‍ട്ട്
ശ്രുതി ലാൽ

മഹാരാഷ്ട്ര രാഷ്ട്രീയ നാടകവും കുറുമാറ്റ വിധികളും

July 7, 2023 - 12:01 pm

മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെയും പ്രഫുല്‍ പട്ടേലിന്റെയും നേതൃത്വത്തില്‍ ഒരുപറ്റം എന്‍ സി പി. എം എല്‍ എമാര്‍ പാര്‍ട്ടി പിളര്‍ത്തി ബി ജെ പി ഷിന്‍ഡെ കൂട്ടുകെട്ടിനൊപ്പം പോയിരിക്കുന്നു. അജിത് പവാര്‍ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാറില്‍ ഉപ മുഖ്യമന്ത്രിയായും മറ്റു എട്ട് എം എല്‍ എമാര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണല്ലോ. ഭൂരിപക്ഷം എം എല്‍ എമാരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും യഥാര്‍ഥ എന്‍ സി പി തങ്ങളാണെന്നുമാണ് അജിത് പവാര്‍ പക്ഷം വാദിക്കുന്നത്. അജിത് പവാറിനെ എന്‍ സി പി നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ബി ജെ പിക്കൊപ്പം പോയവരെ അയോഗ്യരാക്കാന്‍ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട് എന്‍ സി പി ഔദ്യോഗിക വിഭാഗം.

ഭരണഘടനയും കൂറുമാറ്റവും അയോഗ്യതയും

നമ്മുടെ ഭരണഘടനയുടെ 10ാം ഷെഡ്യൂള്‍ കൂറുമാറ്റവും അയോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരാമര്‍ശിക്കുന്നതാണ്. അതനുസരിച്ച് പാര്‍ട്ടി പിളര്‍ത്തിയവര്‍ക്ക് അയോഗ്യതയില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിയില്ല. പാര്‍ട്ടിയെ മറ്റൊരു പാര്‍ട്ടിയുമായി ലയിപ്പിച്ചെങ്കില്‍ മാത്രമേ അയോഗ്യതയില്‍ നിന്ന് വിമതര്‍ക്ക് രക്ഷപ്പെടാനാകു. അക്കാര്യം ശിവസേന കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിശദീകരിക്കുന്നുണ്ട്. ഇവിടെ എന്‍ സി പിയെ പിളര്‍ത്തിയ അജിത് പവാറും സംഘവും പാര്‍ട്ടിയെ എവിടെയും ലയിപ്പിച്ചിട്ടില്ല (അതിനുമപ്പുറം ബി ജെ പിയുടെ ആലയില്‍ കെട്ടുകയാണ് ചെയ്തതെന്നത് വേറെക്കാര്യം). പ്രത്യുത തങ്ങളാണ് യഥാര്‍ഥ എന്‍ സി പിയെന്ന് വാദിക്കുകയാണ് അജിത് പവാര്‍ പക്ഷം ചെയ്യുന്നത്. അതുകൊണ്ടാണ് ദേശീയ പ്രസിഡന്റ് ആരാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് അത് നിങ്ങള്‍ക്ക് തന്നെ അറിയാവുന്നതല്ലേ എന്ന് അജിത് പവാര്‍ പ്രതികരിച്ചത്. പാര്‍ട്ടിയെയും പാര്‍ട്ടി പ്രസിഡന്റിനെയും കൂട്ടിയാണ് തങ്ങള്‍ വന്നിരിക്കുന്നതെന്ന് വാദത്തിന് പറയാമെങ്കിലും അത് നിയമപരമായി നിലനില്‍ക്കില്ല.പിളര്‍പ്പ് സംഭവിക്കുകയും വിമതര്‍ക്ക് 10ാം ഷെഡ്യൂളില്‍ ലഭ്യമായ പരിരക്ഷ സ്ഥാപിക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അവര്‍ അയോഗ്യരാകുമെന്ന് ശിവസേന കേസില്‍ സുപ്രീം കോടതി വിശദീകരിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ 10ാം ഷെഡ്യൂള്‍ പ്രകാരം ലഭ്യമായ പരിരക്ഷ മറ്റൊരു പാര്‍ട്ടിയുമായി ലയിപ്പിക്കുക എന്നത് മാത്രമാകയാല്‍ എന്‍ സി പിയില്‍ നിന്ന് ഭരണപക്ഷത്തേക്ക് കൂറുമാറിയ എം എല്‍ എമാര്‍ അയോഗ്യരാക്കപ്പെടേണ്ടതാണ്.

അജിത് പവാര്‍ പക്ഷത്തിന്റെ അവകാശവാദം

മഹാരാഷ്ട്ര നിയമസഭയില്‍ എന്‍ സി പിക്കുള്ള 53 എം എല്‍ എമാരില്‍ 37 പേര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് അജിത് പവാര്‍ പക്ഷത്തിന്റെ അവകാശവാദം. എന്നാല്‍ ഓരോ വിഭാഗത്തിലെയും അംഗങ്ങളുടെ ശതമാനം അയോഗ്യത തീരുമാനിക്കുന്നതില്‍ പ്രസക്തമല്ലെന്ന് ശിവസേന കേസില്‍ സുപ്രീം കോടതി അടിവരയിടുന്നുണ്ട്. പാര്‍ട്ടി പിളര്‍ത്തി പുറത്തു പോയവര്‍ക്ക് സഭയില്‍ ഭൂരിപക്ഷമുണ്ടായാല്‍ പോലും അവര്‍ അയോഗ്യരായിരിക്കുമെന്നാണ് അതിനര്‍ഥം. യഥാര്‍ഥ പാര്‍ട്ടി തങ്ങളുടേതാണെന്ന് പറയാന്‍ ഭൂരിപക്ഷം സഭാംഗങ്ങള്‍ കൂടെയുണ്ടായാല്‍ മാത്രം മതിയാകില്ലെന്നും സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയില്‍ കാണാം.ഷിന്‍ഡെ പക്ഷം നിയമിച്ച ചീഫ് വിപ്പിനെ ശിവസേനയുടെ ഔദ്യോഗിക ചീഫ് വിപ്പായി അംഗീകരിച്ച സ്പീക്കറുടെ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു സുപ്രീം കോടതിയുടെ തീര്‍പ്പ്. കൂടാതെ ശിവസേനയുടെ നിയമസഭാ കക്ഷി നേതാവായി ഏക്നാഥ് ഷിന്‍ഡെയെ അംഗീകരിച്ച നടപടിയും നിയമവിരുദ്ധമാണെന്ന് കണ്ട പരമോന്നത നീതിപീഠം പാര്‍ട്ടിയുടെ ഭരണഘടന പ്രകാരം രാഷ്ട്രീയ പാര്‍ട്ടി അംഗീകരിച്ച ചീഫ് വിപ്പിനെയും പാര്‍ട്ടി ലീഡറെയുമാണ് സ്പീക്കര്‍ അംഗീകരിക്കേണ്ടത് എന്ന വിധി പ്രസ്താവം നടത്തി.ഇവിടെ അജിത് പവാര്‍ പക്ഷം കൂടെയുള്ള സുനില്‍ തത്കറെയെ ചീഫ് വിപ്പാക്കിയിട്ടുണ്ട്. അതും നിയമപരമല്ല. രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രമാണ് ചീഫ് വിപ്പിനെ നിയമിക്കാനാകുക എന്ന് ശിവസേന കേസില്‍ സുപ്രീം കോടതി വിശദമാക്കുന്നുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് കൂറുമാറ്റം നടത്തുന്നത് തടയാന്‍ ലക്ഷ്യമിടുന്നതാണ് കൂറുമാറ്റ നിരോധന നിയമം. ചീഫ് വിപ്പിനെ തീരുമാനിക്കാനുള്ള അധികാരം രാഷ്ട്രീയ പാര്‍ട്ടിയില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നത് ആ ലക്ഷ്യത്തിന്റെ സ്വാഭാവിക പരിണതി മാത്രമാണ് എന്നായിരുന്നു തദ്വിഷയികമായി സുപ്രീം കോടതിയുടെ പരാമര്‍ശം.നേരത്തേ ഷിന്‍ഡെ പക്ഷത്തെ ഔദ്യോഗികമായി അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷനെ തിരുത്തുന്നുമുണ്ട് ശിവസേന കേസില്‍ സുപ്രീം കോടതി. ഔദ്യോഗികമെന്ന അംഗീകാരത്തിന് സഭാംഗങ്ങളിലെ ഭൂരിപക്ഷം മാത്രം മതിയാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ പരാമര്‍ശിച്ച് പരമോന്നത നീതിപീഠം തീര്‍ത്തു പറഞ്ഞു. എന്‍ സി പി പിളര്‍ത്തി ബി ജെ പിക്കൊപ്പം പോയ നീക്കത്തിന് ഈ ഘട്ടത്തില്‍ നിയമപരമായ പിന്തുണയില്ലെന്ന് കട്ടായം പറയാം. വിമതര്‍ അയോഗ്യരാകേണ്ടതാണ്. യഥാര്‍ഥ പാര്‍ട്ടി തങ്ങളാണെന്ന് പറഞ്ഞതുകൊണ്ട് മാത്രം കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് പുറത്ത് കടക്കാനുമാകില്ല.

Share
Kreate@gmail.com'

Leave a Reply

Your email address will not be published. Required fields are marked *