റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാജ ഐഡിയിൽ വിദ്വേഷ പ്രചരണം; ലുക്ക് ഔട്ട് നോട്ടീസിലുളള ചിത്രം പാകിസ്താൻ സ്വദേശിയുടേതാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയാതെ പൊലീസ്

July 3, 2023 - 10:54 am

കോട്ടയം: കാഞ്ഞിരപ്പളളിയിൽ രജിസ്റ്റർ ചെയ്ത വിദ്വേഷ പ്രചരണ കേസിൽ ആധികാരികത ഉറപ്പുവരുത്താതെ പാക്കിസ്ഥാൻ സ്വദേശിയുടെ ചിത്രം ഉപയോഗിച്ച് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന് വിമർശനം. ലുക്ക് ഔട്ട് നോട്ടീസിലുളള ചിത്രം പാകിസ്താൻ സ്വദേശിയുടേതാണോ അല്ലയോ എന്ന കാര്യം സ്ഥിരീകരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടുമില്ല. കാഞ്ഞിരപ്പളളി അമൽജ്യോതി കോളജിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട ഒരു മാധ്യമ വാർത്തയ്ക്ക് താഴെ വർഗീയ ചുവയുളള പോസ്റ്റ് ഇട്ടതിൻറെ പേരിൽ 2023 ജൂൺ പതിനൊന്നിനാണ് അബ്ദുൽ ജലീൽ എന്നയാൾക്കെതിരെ കാഞ്ഞിരപ്പളളി പൊലീസ് കേസെടുത്തത്.

പുതുപ്പളളി സ്വദേശിയായ ശ്രീകുമാറിൻറെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. അബ്ദുൾജലീൽ താഴേപ്പാലം എന്ന ഫെയ്സ്ബുക്ക് ഐഡിയിൽ നിന്നാണ് വിവാദ പരാമർശമുളള പോസ്റ്റ് വന്നത്.വിദ്വേഷ പ്രചരണമുണ്ടായ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ ചിത്രം ഉപയോഗിച്ച് തയ്യാറാക്കിയ ലുക്ക് ഔട്ട് നോട്ടീസിൽ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന വാദമാണ് പൊലീസ് ഉയർത്തുന്നത്. ഈ ഐഡിയിൽ നിന്ന് മലപ്പുറം തിരൂരിലുളള ഒരു മേൽവിലാസവും പൊലീസിന് കിട്ടിയിരുന്നു. തിരൂരിൽ നടത്തിയ അന്വേഷണത്തിൽ അബ്ദുൾജലീൽ താഴേപ്പാലം എന്നയാളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല.

ഇതോടെയാണ് ജൂൺ 23ന് കാഞ്ഞിരപ്പളളി പൊലീസ് അബ്ദുൾ ജലീലിനെതിരെ ഒരു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഈ ലുക്ക് ഔട്ട് നോട്ടീസിനെ ചൊല്ലിയാണ് ഇപ്പോഴത്തെ വിവാദം. അബ്ദുൾ ജലീൽ താഴേപ്പാലം എന്നയാളെ കണ്ടെത്താനായി പൊലീസ് പുറത്തിറക്കിയിരിക്കുന്ന ലുക്ക് ഔട്ട് നോട്ടീസിലുളളത് പാകിസ്താൻ സ്വദേശിയായ മുഹമ്മദ് താരിഖ് മജീദാണെന്ന വിമർശനമാണ് നവമാധ്യമങ്ങളിൽ വ്യാപകമായി ഉയരുന്നത്. പ്രതിയുടെ ഫോട്ടോയുടെ ആധികാരികത ഉറപ്പാക്കാതെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്നാണ് വിമർശനത്തിൻറെ കാതൽ. എന്നാൽ വിദ്വേഷ കമൻറ് ഇട്ട ഫെയ്സ്ബുക്ക് ഐഡിയിൽ ഉണ്ടായിരുന്ന ചിത്രം ഉപയോഗിച്ചാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്ന് പൊലീസ് വാദിക്കുന്നു.

അത് പാകിസ്താൻ സ്വദേശിയുടേതാണോ അല്ലയോ എന്ന കാര്യത്തിൽ പൊലീസിന് ഉറപ്പുമില്ല. നിയമപരമായി ചെയ്യാവുന്നത് മാത്രമേ ചെയ്തിട്ടുളളൂ എന്നും പൊലീസ് പറയുന്നു. ചിത്രത്തിലുളളത് പാകിസ്താൻ പൗരനാണെങ്കിൽ അയാൾ പരാതിയുമായി വന്നാൽ അപ്പോൾ അക്കാര്യം നോക്കാമെന്ന നിലപാടിലുമാണ് പൊലീസ്. എന്തായാലും വിദ്വേഷ കമൻറ് വന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്ന് പൊലീസ് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വിവാദത്തിൻറെ പശ്ചാത്തലത്തിൽ ഈ വ്യാജനെ കണ്ടെത്താനുളള അന്വേഷണം ഊർജിതമാക്കിയിട്ടുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *