ഉത്തർപ്രദേശിൽ കൊലപാതകം അടക്കം 13 കേസുകളിലെ പിടികിട്ടാപ്പുളളിയായ പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു

ഉത്തർപ്രദേശ്: കൗശാംബിയിലെ മഞ്ജൻപൂരിലെ സാംദ പഞ്ചസാര മില്ലിനു സമീപം യുപി എസ്ടിഎഫുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെടുന്നത്. 2023 ജൂൺ 27 ചൊവ്വാഴ്ച വെളുപ്പിനെ 5.30ഓടെയാണ് ഏറ്റുമുട്ടൽ നടന്നത്. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്താകെ ഇയാളെ കണ്ടെത്തുന്നതിന് വ്യാപകമായ തെരച്ചിലാണ് നടന്നുവന്നിരുന്നത്. ഗുഫ്രാൻ പൊലീസിന് നേരെ വെടിയുതിർക്കാൻ ശ്രമിച്ചതോടെയാണ് ഇയാളെ ഏറ്റുമുട്ടലിൽ വധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതാപ്ഗഡ്, സുൽത്താൻപുർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊലപാതകം, കൊലപാതകശ്രമം, കവർച്ച മുതലായ വിവിധ കേസുകളിൽ പ്രതിയെന്ന് കണ്ടെത്തിയ ആളാണ് ഗുഫ്രാൻ. ഇയാളെ പിടികൂടുന്നവർക്ക് 1,25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വെടിയേറ്റ ഗുഫ്രാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം