നെടുങ്കണ്ടം : ഹെൽമറ്റ് വയ്ക്കാത്തതിനു പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവർക്കു മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ്. ഓട്ടോ ഉടമ കൂടിയായ യുവാവിനാണ് 1000 രൂപ പിഴ ചുമത്തി നോട്ടിസ് ലഭിച്ചത്. ഉടുമ്പൻചോല മോട്ടർ വാഹന വകുപ്പ് ഓഫിസിൽ നിന്നയച്ച നോട്ടിസിൽ ഓട്ടോയുടെ നമ്പറാണു കാണിച്ചിരിക്കുന്നത്. എന്നാൽ, ഹെൽമറ്റ് വയ്ക്കാതെ സ്കൂട്ടർ ഓടിക്കുന്ന ആളിന്റെ ചിത്രമാണു നോട്ടിസിലുള്ളത്. ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ പിഴ അടയ്ക്കേണ്ടെന്ന നിർദേശമാണു ലഭിച്ചതെന്നു ഡ്രൈവർ പറയുന്നു. ക്യാമറയ്ക്കുണ്ടായ തെറ്റാണു കാരണമെന്നാണു വകുപ്പു നൽകുന്ന വിശദീകരണം.
കഴിഞ്ഞ ദിവസം ഇതേ ഓട്ടോയ്ക്ക് പെർമിറ്റ് ഇല്ലെന്നും കൈകാണിച്ചിട്ട് വാഹനം നിർത്തിയില്ലെന്നും കാട്ടി നോട്ടിസ് ലഭിച്ചിരുന്നു. തുടർന്നു പെർമിറ്റുമായി നെടുങ്കണ്ടത്തെ മോട്ടർ വാഹന വകുപ്പ് ഓഫിസിൽ നേരിട്ടെത്തിയപ്പാേൾ 1500 രൂപ പിഴയടയ്ക്കാൻ ഉടമയോടു നിർദേശിച്ചു. പിഴ അടപ്പിക്കുകയും ചെയ്തു. ഒരാഴ്ച മുൻപു മറ്റൊരു സംഭവത്തിൽ ഗുഡ്സ് ഓട്ടോയിൽ നിർമാണ സാമഗ്രികൾ കയറ്റിയതിന് 20,000 രൂപ പിഴയടയ്ക്കാൻ വാഹന ഉടമയ്ക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് ഉടുമ്പൻചോല മോട്ടർവാഹന വകുപ്പ് ഓഫിസിനു മുന്നിൽ ജനകീയ സമിതി ധർണ നടത്തിയിരുന്നു.




