ദില്ലി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം 2023 ഏപ്രിൽ 6ന് അവസാനിക്കും. അവസാന ദിവസവും സഭ ഭരണ, പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങിയേക്കുമെന്നാണ് സൂചന. രാഹുലിന്റെ മാപ്പാവശ്യപ്പെട്ട് കോൺഗ്രസിനെ നേരിടാനാണ് ബിജെപി തീരുമാനം. ഒരു ദിവസം പോലും സ്വാഭാവിക നടപടികളിലേക്ക് കടക്കാതെയാണ് സഭ പിരിയുന്നത്.
ഏപ്രിൽ 5 നും ഭരണ, പ്രതിപക്ഷ ബഹളത്തിൽ സഭ നിർത്തിവച്ചിരുന്നു. അദാനി, രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയങ്ങളിലാണ് സഭയിൽ 5 നും ബഹളം തുടർന്നത്. ഇരുസഭകളും ചേർന്നയുടൻ പ്രതിപക്ഷ ബഹളത്തെ തുടർന്ന് രണ്ട് മണിവരെ നിർത്തി വച്ചു. ഉച്ചക്ക് ശേഷവും ബഹളം തുടർന്നതോടെ ലോക് സഭ പിരിയുകയായിരുന്നു. ഒരു ദിവസം പോലും സഭ സമ്മേളിക്കാനായില്ലെങ്കിലും ഭൂരിപക്ഷ പിന്തുണയിൽ ബജറ്റ് പാസാക്കുകയും ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു.



