കാമുകന്റെ ആത്മഹത്യയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

ഗുരുഗ്രാം: ഹരിയാനയിൽ കാമുകൻ ജീവനൊടുക്കിയതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. മഞ്ജു എന്ന മുപ്പതുകാരിയാണ് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്. 2023 മാർച്ച് 26 ഞായറാഴ്ചയാണ് സംഭവം. വാടകവീട്ടിലെ മുറിക്കുള്ളിൽ കയറിയ യുവതി മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ചികിത്സയിലായിരുന്ന മഞ്ജു കഴിഞ്ഞ മാർച്ച് 28 ചൊവ്വാഴ്ച മരണപ്പെട്ടു.

തീപ്പൊള്ളലേറ്റ യുവതിയെ ആദ്യം പ്രദേശത്തെ സിവിൽ ഹോസ്പിറ്റലിലേക്കും പിന്നീട് ആരോഗ്യ നില വഷളായതോടെ ദില്ലിയിലെ സഫ്ദർജംഗ് ഹോസ്പിറ്റലിലേക്കും മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബിഹാർ സ്വദേശിയായ യുവതി ഏറെ നാളായി  ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. സെക്ടർ 37 ഏരിയയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന  മഞ്ജുവിന്‌റെ കാമുകൻ ബാബു ലാൽ ഞായറാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ഇതിൽ മനം നൊന്താണ് യുവതിയുടെ ആത്മഹത്യയെന്ന് സെക്ടർ 37 പൊലീസ്  ഇൻസ്പെക്ടർ സുനിത ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

യുവതി താമസിക്കുന്നതിനടുത്ത് പലചരക്ക് കട നടത്തുകയായിരുന്നു ബാബുലാൽ. വിവാഹിതനായ ബാബുലാലുമായി യുവതി പ്രണയത്തിലായിരുന്നു. പ്രതീക്ഷിതമായാണ് കഴിഞ്ഞ ഞായറാഴ്ച (26/03/23) ബാബുലാൽ നാടൻ തോക്കുപയോഗിച്ച് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത്. ഈ വാർത്ത അറിഞ്ഞതിന് പിന്നാലെ യുവതിയും മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നും ഇരുവരുടെയും പക്കൽ നിന്ന് ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇരുവരുടെയും മരണത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →