ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് രാജ്യത്തുടനീളം പ്രകടനം നടത്തിയ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് ബി.ജെ.പി. രാജ്യത്തിന്റെ ഭരണഘടനയ്ക്കും കോടതിവിധിക്കും എതിരായ പ്രചാരണമാണു കോണ്‍ഗ്രസ് നടത്തുന്നതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. മഹാത്മാ ഗാന്ധിയോടുള്ള അവഹേളനമാണ് കോണ്‍ഗ്രസിന്റെ സമരമെന്നായിരുന്നു ബി.ജെ.പി. വക്താവ് സുധാംശു ത്രിവേദിയുടെ പ്രതികരണം. സാമൂഹിക ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് മഹാത്മാഗാന്ധി സത്യഗ്രഹം നടത്തിയിരുന്നത്. എന്നാല്‍, കോണ്‍ഗ്രസിപ്പോള്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കുവേണ്ടിയാണ് സത്യഗ്രഹം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടതിലുള്ള അസ്വസ്ഥതയാണ് കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നത്. കോടതിവിധിയുടെ ഫലമായി ലോക്സഭാ എം.പി. എന്ന സ്ഥാനം രാഹുലിനു സ്വയമേവ നഷ്ടപ്പെട്ടു. ഇത്തരത്തില്‍ അയോഗ്യനാക്കപ്പെട്ടതിനു ശേഷമുള്ള പ്രക്ഷോഭം ധാര്‍ഷ്ട്യത്തിന്റെ ലജ്ജാകരമായ പ്രകടനമാണ്.
കോണ്‍ഗ്രസിന്റെ സങ്കല്‍പ് സത്യഗ്രഹത്തിന് സത്യത്തിനുവേണ്ടിയുള്ള പോരാട്ടവുമായി യാതൊരു ബന്ധവുമില്ലെന്നും ത്രിവേദി പരിഹസിച്ചു.
കൃത്യമായ നിയമനടപടികള്‍ക്കു ശേഷമാണ് രാഹുല്‍ ഗാന്ധിയെ സൂറത്തിലെ കോടതി ശിക്ഷിച്ചത്. ലോക്സഭാംഗം എന്ന നിലയില്‍ അദ്ദേഹത്തെ അയോഗ്യനാക്കുന്നത് നിയമപ്രകാരമുള്ള നടപടിയാണ്. പിന്നെ എന്തിനുവേണ്ടിയാണു സത്യഗ്രഹമെന്ന് ബിജെപി വക്താവ് ചോദിച്ചു. ഒരു പിന്നാക്ക സമുദായത്തെ അപമാനിച്ചതിനെ നിങ്ങള്‍ ന്യായീകരിക്കുകയാണോ? അതോ ശിക്ഷ വിധിച്ച കോടതിക്കെതിരെയാണോ സമരം? അതല്ലെങ്കില്‍ അയോഗ്യനാക്കുന്ന വ്യവസ്ഥയ്ക്കെതിരേയാണോ? ഇക്കാര്യം കോണ്‍ഗ്രസ് വ്യക്തമാക്കണം- സുധാംശു ത്രിവേദി ആവശ്യപ്പെട്ടു.
1984-ലെ സിഖ് വിരുദ്ധ കലാപത്തില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന ചില കോണ്‍ഗ്രസ് നേതാക്കളും സമരത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് പരാമര്‍ശിച്ചശേഷം, രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലത്ത് അവര്‍ സംഘടിപ്പിച്ച സത്യഗ്രഹം അഹിംസക്കെതിരേയുള്ളതാണോ എന്നു വ്യക്തമാക്കാനും ത്രിവേദി ആവശ്യപ്പെട്ടു.



