തിരുവനന്തപുരം: മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തല അദാലത്തിന് ജില്ലയിൽ വിപുലമായ ഒരുക്കം

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ് രണ്ടു മുതൽ 11 വരെ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന അദാലത്തിന് ജില്ലയിൽ വിപുലമായ ഒരുക്കം. കരുതലും കൈത്താങ്ങും എന്ന പേരിൽ ജില്ലയിലെ ആറ് താലൂക്കുകളിലായി നടക്കുന്ന അദാലത്തിനുള്ള ഒരുക്കങ്ങൾ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ .അനിൽ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി. ഏപ്രിൽ ഒന്നു മുതൽ 15 വരെ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കും. താലൂക്ക് ഓഫീസുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി നേരിട്ടും ഓൺലൈനായും പരാതി സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കാനുള്ള പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോം തയ്യാറായി വരികയാണ്. തിരുവനന്തപുരം -മെയ് 2, നെടുമങ്ങാട് – മെയ് 6, നെയ്യാറ്റിൻകര – മെയ് 4 ചിറയിൻകീഴ്- മെയ് 8, കാട്ടാക്കട- മെയ് 11, വർക്കല- മെയ് 9 എന്നിങ്ങനെയാണ് അദാലത്ത് തീയതികൾ.

എല്ലാ താലൂക്കിലും ഇതിനോടകം താലൂക്ക് അദാലത്ത് സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്. നെടുമങ്ങാട് താലൂക്കിൽ ആ ർ ഡി ഒ, മറ്റു താലൂക്കുകളിൽ വിവിധ ഡെപ്യൂട്ടി കളക്ടർമാർ എന്നിവർ കൺവീനറായും തഹസിൽദാർമാർ ജോയിൻ കൺവീനറായുമാണ് സെൽ രൂപീകരിച്ചത്. ജില്ലാ ഓഫീസർമാർ കൺവീനറായി ഓരോ വകുപ്പിലും അദാലത്ത് സെല്ലുകൾ രൂപീകരിച്ചു. 28 വിഷയങ്ങളിൽ ലഭിക്കുന്ന പരാതികളാണ് അദാലത്തിൽ പരിഗണനയ്ക്കെടുക്കുക. നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിൽ ഈ മാസം 25നും നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിൽ 27 നും ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ 28നും സംഘാടകസമിതി യോഗങ്ങൾ ചേരും. അദാലത്ത് സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനായി വിപുലമായ പ്രചാരണം നടത്തുമെന്ന്  മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പ്രചാരണത്തിനായി സന്നദ്ധ സംഘടനകൾ ഉൾപ്പെടെയുള്ളവർ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് അനക്സിലെ നവകൈരളി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എ ഡി എം അനിൽ ജോസ്, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ജില്ല ഇൻഫർമേഷൻ ഓഫീസർ ജി ബിൻസിലാൽ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം