മുംബൈ: ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയ്ക്കു കാരണം ജാതി വിവേചനമല്ലെന്ന് ബോംബെ ഐ.ഐ.ടി. ആവര്‍ത്തിക്കുന്നതിനിടെ കൂടുതല്‍ ആരോപണങ്ങളുമായി മരിച്ച വിദ്യാര്‍ഥിയുടെ കുടുംബം രംഗത്ത്. മരിച്ച ദര്‍ശന്‍ സോളങ്കി ക്യാമ്പസില്‍ കടുത്ത ജാതി വിവേചനം നേരിട്ടതായും കൂട്ടുകാര്‍ ഒറ്റപ്പെടുത്തിയെന്നും വിദ്യാര്‍ഥിയുടെ കുടുംബം ആരോപിച്ചു.
2023 ജനുവരി മാസം അവധിക്കു വീട്ടില്‍ വന്നപ്പോള്‍ അവിടെ ജാതി വിവേചനം നടക്കുന്നതായി തന്നോടും അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നെന്ന് ദര്‍ശന്റെ സഹോദരി ജാന്‍വി സോളങ്കി പറഞ്ഞു. ”അവന്‍ ഒരു പട്ടികജാതിക്കാരനാണെന്ന് അവന്റെ സൃഹൃത്തുക്കള്‍ക്ക് മനസിലായി. അതോടെ, അവനോടുള്ള അവരുടെ പെരുമാറ്റം മാറി. അവര്‍ അവനോട് സംസാരിക്കുന്നത് നിര്‍ത്തി, അവര്‍ അവനുമായി ചുറ്റിക്കറങ്ങുന്നത് നിര്‍ത്തി”- ജാന്‍വി സോളങ്കി പറഞ്ഞു.
ജാതി വിവേചനം നേരിട്ട മകന്‍ കടുത്ത വിഷമത്തിലായിരുന്നെന്ന് ദര്‍ശന്റെ അമ്മ തര്‍ലികാബെന്‍ സോളങ്കിയും പറഞ്ഞു. ”അവന്‍ പീഡിപ്പിക്കപ്പെട്ടു. അതുകൊണ്ടാണ് അവന്‍ ഇത് ചെയ്തത്”-തര്‍ലികാബെന്‍ സോളങ്കി കൂട്ടിച്ചേര്‍ത്തു. സൗജന്യമായി പഠിക്കുന്നതില്‍ പല വിദ്യാര്‍ഥികള്‍ക്കും അസഹിഷ്ണുതയുള്ളതായി ദര്‍ശന്‍ പറഞ്ഞിരുന്നതായി അമ്മായി ദിവ്യാ ബെന്‍ പറഞ്ഞു. വലിയ ഫീസ് കൊടുത്തു പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠിച്ചിരുന്ന തന്നോട് വിവേചനമുണ്ടായിരുന്നെന്നും പലരും അവഗണിച്ചത് വിഷമിപ്പിച്ചെന്നും ദര്‍ശന്‍ പറഞ്ഞിരുന്നെന്നും ദിവ്യ ബെന്‍ പറഞ്ഞു. ജീവനൊടുക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് തന്നോട് മകന്‍ സംസാരിച്ചതായി ദര്‍ശന്റെ പിതാവ് രമേഷ്ഭായ് സോളങ്കി പറഞ്ഞു. എന്തൊക്കെയുണ്ട് വിശേഷങ്ങളെന്നു ചോദിച്ച് തികച്ചും സാധാരണ രീതിയില്‍ത്തന്നെയായിരുന്നു സംസാരം. ”എന്റെ ജ്യേഷ്ഠന്റെ മകള്‍ക്ക് ജന്മദിനാശംസ നേരാനാണ് വിളിച്ചത്. ഇന്ന് അവന്‍ പുറത്തുപോകുമെന്ന് പറഞ്ഞു. അവന്റെ അക്കൗണ്ടിലേക്കു കുറച്ച് പണം അയച്ചിരുന്നു. എന്നാല്‍, എനിക്ക് അധികം ചെലവുകളില്ല, പണം ആവശ്യമില്ലെന്നാണ് അവന്‍ പറഞ്ഞത്. പക്ഷേ, ഇങ്ങനെ സംഭവിക്കുമെന്ന് അറിയില്ലായിരുന്നു- രമേഷ്ഭായ് സോളങ്കി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ക്യാമ്പസില്‍ ജാതിവിവേചനമില്ലെന്നാണ് ബോംബെ ഐ.ഐ.ടിയുടെ വിശദീകരണം. പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും അതുവരെ കാത്തിരിക്കാനും ഐ.ഐ.ടി. അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.



