ശൈശവ വിവാഹം: രണ്ടുദിവസം 3031 അറസ്റ്റ്; അസമില്‍ നടക്കുന്നതെന്ത്?

അസം: 2023 ഫെബ്രുവരി മൂന്നിനാണ് അസം സര്‍ക്കാര്‍ ശൈശവവിവാഹക്കേസുകളില്‍ പോക്സോ ഉള്‍പ്പെടെ ചുമത്തി കര്‍ശന നടപടികള്‍ ആരംഭിച്ചത്. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം അസമിലെ 32 ശതമാനം സ്ത്രീകളും 18 വയസ്സിനുമുമ്പ് വിവാഹിതരാകുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ 14-നുശേഷം മാത്രം 4225 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3031 പേര്‍ അറസ്റ്റിലായി. ജയിലുകളില്‍ സ്ഥലമില്ലാത്തതിനാല്‍ ഇവരെ പ്രത്യേകം കേന്ദ്രങ്ങളില്‍ തടവില്‍ പാര്‍പ്പിക്കുകയാണെന്നു സംസ്ഥാന പോലീസ് മേധാവി പ്രശാന്തകുമാര്‍ ഭുയാന്‍ വ്യക്തമാക്കിയിരുന്നു. വ്യാപക അറസ്റ്റിനെതിരേ സംസ്ഥാനത്തു വന്‍പ്രതിഷേധം ഉയരുകയും ചെയ്തു.

സര്‍ക്കാര്‍ തീരുമാനം

14 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്കെതിരെ കേസെടുക്കാനുള്ള അസം മന്ത്രിസഭയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. 14നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവരെ ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം വിചാരണ ചെയ്യുമെന്ന് അസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. 14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്ക് ജാമ്യമില്ലാ വകുപ്പുകളും 14നും 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചിരുന്നു.

പോലിസ് പട്ടികയിലുള്ളത് 8000 പേര്‍

8,000 പ്രതികളുടെ പട്ടിക തങ്ങളുടെ പക്കലുണ്ടെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. മതസ്ഥാപനങ്ങളില്‍ ഇത്തരം വിവാഹ ചടങ്ങുകള്‍ നടത്തിയ 51 പുരോഹിതന്മാരെയും കാസിമാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹൈക്കോടതി ഇടപെടല്‍

അസമില്‍ ശൈശവ വിവാഹത്തിന്റെ പേരില്‍ ആരോപണവിധേയര്‍ക്കെതിരേ പോക്സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം) ചുമത്തുന്നതിനെതിരേ ഗുവാഹത്തി ഹൈക്കോടതി. ആളുകളുടെ സ്വകാര്യജീവിതം തടസപ്പെടുത്തുന്ന നീക്കമാണിതെന്നും കുറ്റാരോപിതരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് സുമന്‍ ശ്യാം നിരീക്ഷിച്ചു. സംസ്ഥാനത്തു ശൈശവവിവാഹത്തിന്റെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ട ഒന്‍പതുപേരുടെ മുന്‍കൂര്‍ജാമ്യാപേക്ഷകളും 2023 ഫെബ്രുവരി നാലിന് അറസ്റ്റിലായ മദ്രസാ അധ്യാപകന്‍ ഷാജഹാന്‍ അലിയുടെ ജാമ്യാപേക്ഷയും പരിഗണിക്കുകയായിരുന്നു കോടതി. ഒന്‍പത് പ്രതികള്‍ക്കു മുന്‍കൂര്‍ജാമ്യം അനുവദിക്കാന്‍ കോടതി തയാറായെങ്കിലും ഇവര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പായ പോക്സോയാണു ചുമത്തിയതെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ കേസുകളില്‍ എന്തിനാണു പോക്സോ ചുമത്തിയതെന്നും എന്താണു സംഭവിച്ചതെന്നു ജഡ്ജിമാര്‍ പരിശോധിക്കേണ്ടേയെന്നും കോടതി ചോദിച്ചു. കോടതി ആരെയും കുറ്റവിമുക്തരാക്കുകയല്ലെന്നും ശൈശവവിവാഹക്കേസുകള്‍ അന്വേഷിക്കുന്നതു തടസപ്പെടുത്തുകയല്ലെന്നും ജസ്റ്റിസ് സുമന്‍ ശ്യാം വ്യക്തമാക്കി. ശൈശവവിവാഹക്കേസുകളില്‍ നിയമം അതിന്റെ വഴിക്കു നടക്കട്ടെ. അടിയന്തരമായി കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ടോ എന്നു മാത്രമാണു കോടതി പരിശോധിക്കുന്നത്. ഈ കേസുകളില്‍ അതിന്റെ ആവശ്യമില്ലെന്നു കോടതി കരുതുന്നു. പ്രതികളെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്താം. ഇതൊന്നും മയക്കുമരുന്ന്, കള്ളക്കടത്ത്, മോഷണക്കേസുകള്‍ അല്ലല്ലോയെന്നും കോടതി നിരീക്ഷിച്ചു. ശൈശവ വിവാഹങ്ങള്‍ തെറ്റാണെങ്കിലും കുറ്റാരോപിതരെയെല്ലാം അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടണോയെന്നു ഷാജഹാന്‍ അലിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി ചോദിച്ചു. ഇവര്‍ക്കെല്ലാം കുട്ടികളും വയോധികരും ഉള്‍പ്പെടെയുള്ള കുടുംബങ്ങളുണ്ട്. ഈ നീക്കം വ്യക്തികളുടെ സ്വകാര്യജീവിതത്തെത്തന്നെ ബാധിക്കുന്നതാണ്. ഷാജഹാനെതിരായ കേസ് ശൈശവവിവാഹ നിരോധനനിയമപ്രകാരം രണ്ടുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍, ശൈശവ വിവാഹം നടന്നെന്നും പ്രതിക്ക് ഇക്കാര്യത്തില്‍ മനഃപൂര്‍വമായ പങ്കുണ്ടെന്നും തെളിയിക്കപ്പെടണം- കോടതി ചൂണ്ടിക്കാട്ടി. 2021-ല്‍ നടന്ന ഒരു വിവാഹത്തിന്റെ പേരിലാണു 2023 ഫെബ്രുവരി നാലിനു ഷാജഹാനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹാഫിസ് റഷീദ് ചൗധരി ചൂണ്ടിക്കാട്ടി. ഷാജഹാന്‍ വിവാഹിതയായ കുട്ടിയുടെ ബന്ധുവല്ല; മതാധ്യാപകന്‍ മാത്രമാണ്. ശൈശവ വിവാഹം നടന്നാലും പ്രായപൂര്‍ത്തിയായി രണ്ടുവര്‍ഷത്തിനകം പരാതി നല്‍കിയില്ലെങ്കില്‍ അതു സാധുവാകുമെന്നും അഭിഭാഷകന്‍ വാദിച്ചു. ശൈശവ വിവാഹം ആരോപിക്കപ്പെടുന്ന ഈ കേസുകളിലെ പെണ്‍കുട്ടികള്‍ ഭര്‍ത്താക്കന്‍മാരും കുട്ടികളുമൊത്ത് സന്തുഷ്ടജീവിതം നയിക്കുകയാണെന്നും അതുകൊണ്ടുതന്നെ പോക്സോ ബാധകമല്ലെന്നും മറ്റൊരു പ്രതിഭാഗം അഭിഭാഷകന്‍ അമന്‍ വാദൂദ് ചൂണ്ടിക്കാട്ടി.

ശൈശവ വിവാഹ നിരോധന നിയമം 2006

ശൈശവ വിവാഹ നിരോധന നിയമം 1929 ന്റെ പ്രധാന ഉദ്ദേശം ശൈശവ (കുട്ടികളുടെ) വിവാഹം തടയുക എന്നതായിരുന്നു. 1949 ലും 1978 ലും ഈ നിയമം ഭേദഗതി വരുത്തുകയും അപ്രകാരം ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വിവാഹപ്രായം ഉയര്‍ത്തുകയും ചെയ്തു. ശൈശവ വിവാഹം ടി നിയമപ്രകാരം ശിക്ഷാര്‍ഹവും കുറ്റകരവുമാണ്. കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യനിലവാരം ഉയര്‍ത്തുക എന്ന ഉദ്ദേശ്യവും ടി നിയമത്തിനുണ്ട്. രാജ്യത്തെ ശൈശവ വിവാഹമെന്ന അനീതി തടയുന്നതിനും പൂര്‍ണ്ണമായി തുടച്ചുനീക്കുന്നതിനും അപ്രകാരം രാജ്യത്ത് ടി നിയമം കൂടുതല്‍ ശക്തമാക്കുന്നതിനുമായി നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നു. 1995- 96 ല്‍ ദേശീയ വനിതാകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രധാനമായും ഉന്നയിച്ച ആവശ്യം ശൈശവ വിവാഹം തടയുന്നതിനായി ഒരു പ്രിബന്‍ഷന്‍ ഓഫീസറെ നിയമിക്കുകയും ശൈശവ വിവാഹം നടന്നിട്ടുണ്ടെങ്കില്‍ അത് അസാധുവായി പ്രഖ്യാപിക്കാനും, ടി കുറ്റം ചെയ്താല്‍ കടുത്തശിക്ഷ നല്‍കുവാനും ടി കുറ്റത്തിന് നിയമപരമായി നടപടി എടുക്കുവാന്‍ കഴിയുന്നതുമാക്കുക എന്നതുമായിരുന്നു. 2001-02 ലെ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം സെന്‍ട്രല്‍ ഗവണ്‍മെന്റ് വനിതാ കമ്മീഷന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച് ടി നിയമം പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.

വിവാഹപ്രായം

ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം കുട്ടി എന്നാല്‍ ആണ്‍കുട്ടിയെങ്കില്‍ 21 വയസ്സ് പൂര്‍ത്തിയാകാത്തവരും പെണ്‍കുട്ടിയെന്നാല്‍ 18 വയസ്സ് പൂര്‍ത്തിയാകാത്തവരും ആയിരിക്കും. ശൈശവ വിവാഹമെന്നാല്‍ വിവാഹത്തില്‍ ഏതെങ്കിലും ഒരു വ്യക്തിക്കോ രണ്ടുപേര്‍ക്കുമോ മുകളില്‍ പറഞ്ഞ പ്രായമെത്താത്തവര്‍ ആയിരിക്കും.

Share
അഭിപ്രായം എഴുതാം