ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തി ജമാ അത്തെ ഇസ്ലാമി

കോഴിക്കോട്: ആര്‍.എസ്.എസുമായി യാതൊരുവിധ ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന ജമാ അത്തെ ഇസ്ലാമി നിലപാട് മാറ്റി. ആര്‍.എസ്.എസ്. നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്നും രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്‌തെന്നും ജമാ അത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി ടി. ആരിഫ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. മറ്റ് ചില മുസ്ലിം സംഘടനകള്‍ സംഘ് പരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുമ്പോഴും ശക്തമായ വിയോജിപ്പുമായി രംഗത്തുവരാറുള്ള സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. ഡല്‍ഹിയിലാണ് ആര്‍.എസ്.എസ്. നേതൃത്വവുമായി ചര്‍ച്ച നടന്നത്. ആര്‍.എസ്.എസിന്റെ രണ്ടാം നിര നേതാക്കളുമായാണ് തങ്ങള്‍ ചര്‍ച്ച നടത്തിയതെന്നും മുന്‍ നിരനേതാക്കളുമായി രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടത്തുമെന്നും ആരിഫലി കൂട്ടിച്ചേര്‍ത്തു.

തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ആര്‍.എസ്.എസ്. നേതൃത്വം ഇതര മത -സമുദായ നേതൃത്വങ്ങളുമായി ഇടയ്ക്കിടെ ചര്‍ച്ചയ്ക്ക് താല്‍പ്പര്യം പ്രകടിപ്പിക്കാറുണ്ട്. കേരളത്തിലെ ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി ഇത്തരത്തില്‍ ചര്‍ച്ചകള്‍ ഇടയ്ക്കിടെ നടത്താറുമുണ്ട്. എന്നാല്‍ ആര്‍.എസ്.എസുമായി യാതൊരുവിധ ഒത്തുതീര്‍പ്പിനും ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടായിരുന്നു വിവിധ മുസ്ലിം സംഘടനകള്‍ സ്വീകരിച്ചിരുന്നത്. ഇതില്‍ പ്രധാനപ്പെട്ട സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. സുന്നി കാന്തപുരം വിഭാഗം ഏറെക്കാലമായി മോഡി സര്‍ക്കാരിനോടും സംഘ പരിവാറിനോടും മൃദുസമീപനമാണ് പുലര്‍ത്തിപോരുന്നത്.

അടുത്തിടെ കോഴിക്കോട് നടന്ന മുജാഹിദ് സമ്മേളനവും സംഘ പരിവാറിനെതിരേ ആഞ്ഞടിക്കാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, സമരസപ്പെടാനുള്ള നീക്കമാണ് പ്രകടമാക്കിയതും. സംഘപരിവാറിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന മുസ്ലിം സംഘടനകള്‍ ഒത്തുതീര്‍പ്പിന്റെ പാത സ്വീകരിച്ചുതുടങ്ങിയെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങള്‍ കൈകൊണ്ടതും.

കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കിയ സംഘടന എന്ന നിലയിലാണ് ആര്‍.എസ്.എസുമായി ജനുവരി 14ന് ചര്‍ച്ച നടത്തിയതെന്ന് ടി.ആരിഫലി അഭിമുഖത്തില്‍ പറയുന്നു. മുസ്ലിം സംഘടനകളും ആര്‍.എസ്.എസുമായുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ. ഖുറേഷി, ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്, ഷാഹിസ് സിദ്ദീഖി, സയീദ് ഷെര്‍വാനി എന്നിവര്‍ 2022 ഓഗസ്റ്റില്‍ ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെയാണ് ഇത്തരമൊരു സഹകരണത്തിലേക്ക് ജമാഅത്തെ ഇസ്ലാമിയുമെത്തിയത്. കൂടിക്കാഴ്ച പൊതുസമൂഹത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമല്ലാത്തതിനാലാണ് തങ്ങള്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും ആരിഫലി പറയുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന ആള്‍ക്കൂട്ട ആക്രമണം, അനധികൃത നിര്‍മാണങ്ങളുടെ പേരു പറഞ്ഞ് ചെയ്യുന്നതും യോഗത്തില്‍ തങ്ങള്‍ ഉയര്‍ത്തിക്കാട്ടി. കാശിയിലെയും മധുരയിലെയും മോസ്‌കുകളുമായി ബന്ധപ്പെട്ട വിഷയമാണ് ആര്‍.എസ്.എസ്. ഉയര്‍ത്തിയത്. വിശ്വാസികളുടെ പ്രശ്‌നമെന്നാണ് ആര്‍.എസ്.എസ്. പറഞ്ഞത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പറയാനൊന്നുമില്ലെന്ന് മറുപടി നല്‍കിയതായും ആരിഫലി പറയുന്നു.

Share
അഭിപ്രായം എഴുതാം