ലൈഫ് മിഷന്‍ കരാര്‍ ക്രമക്കേട്: എം. ശിവശങ്കറിന്റെ ചോദ്യംചെയ്യല്‍ തുടരുന്നു

കൊച്ചി: ലൈഫ്മിഷന്‍ കരാര്‍ ക്രമക്കേട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എം. ശിവശങ്കറെ ചോദ്യംചെയ്യുന്നതു തുടരുന്നു. കഴിഞ്ഞ ദിവസം ഒന്‍പതു മണിക്കൂറോളം ശിവശങ്കറെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ലൈഫ്മിഷന്‍ ഭവന നിര്‍മാണത്തില്‍ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്നാണു ഇ.ഡിയുടെ നിഗമനം. ലൈഫ് മിഷന്‍ കരാര്‍ ക്രമക്കേടില്‍ ശിവശങ്കറിനു വ്യക്തമായ പങ്കാളിത്തമുണ്ടെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.

ചോദ്യം ചെയ്യലിന്റെ ആദ്യ ദിനത്തില്‍ കോഴപ്പണം കൈപ്പറ്റിയിട്ടില്ലെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ശിവശങ്കര്‍. എന്നാല്‍ മറ്റു പ്രതികളുടെ മൊഴികളും ചില രേഖകളും ശിവശങ്കറിന്റെ മൊഴി തള്ളുന്നതാണ്. തുടര്‍ന്നാണു വിശദമായ ചോദ്യം ചെയ്യല്‍ നടപടിയിലേക്ക് ഇ.ഡി. കടന്നത്. കേസില്‍ വൈകാതെ കുറ്റപത്രം സമര്‍പ്പിക്കും. സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍നിന്നു കണ്ടെടുത്ത ഒരു കോടി രൂപ എം. ശിവശങ്കറിന്റേതാണെന്നാണ് കസ്റ്റംസ്, എന്‍.ഐ.എ. അന്വേഷണ സംഘങ്ങളുടെ നിഗമനം.

ലൈഫ് മിഷനില്‍ വടക്കാഞ്ചേരി ഭവന നിര്‍മ്മാണ കരാര്‍ ലഭിച്ച യൂണി ടാക് എം.ഡി. സന്തോഷ് ഈപ്പനെ പലവട്ടം ചോദ്യംചെയ്തിരുന്നു. ജനുവരി 31 ന് ഹാജരാകാന്‍ ശിവശങ്കറിനു നോട്ടീസ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിക്കുന്ന ദിവസമാണെന്നു വ്യക്തമാക്കി ഹാജരായിരുന്നില്ല. ലൈഫ്മിഷന്‍ കരാറില്‍ 4.48 കോടി രൂപ കോഴയായി നല്‍കിയെന്ന സന്തോഷ് ഈപ്പന്റെ മൊഴിയിലാണ് അന്വേഷണം. ലൈഫ്മിഷന്‍ കരാറിലെ അഴിമതിയില്‍ സി.ബി.ഐ. അന്വേഷണം നടക്കുകയാണ്. സംസ്ഥാന വിജിലന്‍സും കേസ് എടുത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →