കോഴിക്കോട് : കൊടുവള്ളിയില്‍ കള്ളക്കടത്ത് സ്വര്‍ണം ഉരുക്കുന്ന കേന്ദ്രത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) നടത്തിയ റെയ്ഡില്‍ 7.2 കിലോ സ്വര്‍ണവും 13.50 ലക്ഷം രൂപയും പിടികൂടി. 4.11 കോടി രൂപ വില വരുന്ന സ്വര്‍ണമാണു പിടികൂടിയത്. വിവിധ രൂപത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണം ഉരുക്കുന്ന കേന്ദ്രത്തിലായിരുന്നു റെയ്ഡ്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി കോമ്പൗണ്ട് രൂപത്തിലാക്കി കടത്തുന്ന സ്വര്‍ണം ഇവിടെ എത്തിച്ച് വേര്‍തിരിച്ചെടുക്കുകയായിരുന്നു പതിവ്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം എടവണ്ണപ്പാറ സ്വദേശികളായ റഷീദ്, റഫീഖ്, കൊടുവള്ളി സ്വദേശി ജയഫര്‍ എന്നിവരെ ഡി.ആര്‍.ഐ. അറസ്റ്റ്‌ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്.
കൊടുവള്ളി കിഴക്കോത്തെ ജയഫറിന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണവും പണവും പിടിച്ചെടുത്തത്. കൊച്ചി, കോഴിക്കോട് യുണിറ്റുകളില്‍നിന്നുള്ള ഡി.ആര്‍.ഐ. സംഘമാണ് റെയ്ഡ് നടത്തിയത്. സ്വര്‍ണ്ണ ഉരുപ്പടികള്‍ ഇവിടെ വച്ച് ഉരുക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വീടിന്റെ ടെറസിലും തൊട്ടടുത്ത് നിര്‍മിച്ച ഷെഡിലും വച്ചാണ് ഉരുപ്പടികള്‍ ഉരുക്കിയിരുന്നത്. ഇവിടെ നിന്നും ഉരുക്കിയ സ്വര്‍ണ്ണം ജൂവലറികളിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. സ്വര്‍ണം കൊടുവള്ളിയിലെ മഹിമാ ജൂവലറിയില്‍ നല്‍കിയതായുള്ള വിവരത്തെ തുടര്‍ന്നാണ് ഉടമ മുഹമ്മദിനെ അറസ്റ്റ്‌ചെയ്തത്. കരിപ്പൂര്‍ വഴി വന്‍തോതില്‍ കടത്തുന്ന സ്വര്‍ണ്ണ ഉരുപ്പടികളും കാപ്‌സ്യൂള്‍, മിശ്രിത രൂപങ്ങളിലായും എത്തിക്കുന്ന സ്വര്‍ണ്ണവും ഇവിടെ വച്ചാണ് ഉരുക്കി യഥാര്‍ത്ഥ രൂപത്തിലാക്കിയിരുന്നത്. കാപ്‌സ്യൂളുകള്‍, ഉരുക്കികൊണ്ടിരുന്നവ, ഉരുക്കിവെച്ച സ്വര്‍ണ്ണം എന്നിവയെല്ലാം പിടികൂടിയതില്‍ ഉള്‍പ്പെടും. പത്തംഗ സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.
കള്ളക്കടത്ത് സ്വര്‍ണ്ണം പിടികൂടിയ സംഭവത്തില്‍ അന്വേക്ഷണം ഊര്‍ജ്ജിതമാക്കാന്‍ ഡി.ആര്‍.ഐ. തീരുമാനിച്ചു. സ്വര്‍ണ്ണം ഉരുക്കിയ കേന്ദ്രത്തില്‍ സ്ഥിരമായി എത്തിയിരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഏറെക്കാലമായി ഇവിടെ വെച്ച് കള്ളക്കടത്ത് സ്വര്‍ണ്ണം ഉരുക്കിവരുന്നതായി ഡി.ആര്‍.ഐയുടെ അന്വേഷണത്തില്‍ വ്യക്തമായി. 2021 ഡിസംബറില്‍ മലപ്പുറത്തെ തവനൂരില്‍ നടത്തിയ ഓപ്പറേഷനില്‍ 9.75 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയിരുന്നത്. അവിടേയും ഉരുക്കല്‍ കേന്ദ്രത്തിലാണ് റെയ്ഡ് നടന്നത്. ഉരുക്കല്‍ കേന്ദ്രങ്ങളില്‍ നടന്ന രണ്ടാമത്തെ വലിയ റെയ്ഡാണ് കൊടുവള്ളിയില്‍ നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ. സംഘം കൊടുവള്ളിയില്‍ താമസിച്ച് നിരീക്ഷിച്ചുവരികയായിരുന്നു. മഹിമ ജ്വല്ലറി ഉടമ മുഹമ്മദ് ഉരുക്കാന്‍ നല്‍കിയ സ്വര്‍ണ്ണമാണ് പിടികൂടിയതെന്നാണ് ഡി.ആര്‍.ഐ. വ്യക്തമാക്കുന്നത്. ഉരുക്കല്‍ കേന്ദ്രത്തില്‍ വന്നുപോയവരെ കണ്ടെത്താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോഴിക്കോട് നഗരത്തിലെ ചില ജൂവലറികള്‍ക്കു വേണ്ടിയും ഇവിടെ സ്വര്‍ണം ഉരുക്കിയിരുന്നതായി പ്രതികള്‍ ഡി.ആര്‍.ഐയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്.



