രണ്ടു ഭവനപദ്ധതികളുടെ നിര്‍മാണ കരാര്‍ കൂടി വാഗ്ദാനം ചെയ്‌തെന്ന് സന്തോഷ് ഈപ്പന്‍

കൊച്ചി: രണ്ടു ഭവനപദ്ധതികളുടെ നിര്‍മാണ കരാര്‍കൂടി സ്വപ്‌നയടക്കമുള്ള സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ വാഗ്ദാനം ചെയ്തിരുന്നെന്ന് യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍. കരാര്‍ ലഭിക്കാന്‍ നല്‍കിയ കോഴപ്പണം കള്ളപ്പണമായിരുന്നില്ലെന്നും നാലുകോടി നാല്‍പതുലക്ഷം രൂപയാണ് കമ്മീഷന്‍ ഇനത്തില്‍ കൈമാറിയതെന്നും പ്രതികള്‍ മറ്റു ചിലരെയും കബളിപ്പിച്ചതായും സന്തോഷ് ഈപ്പന്‍ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിനു (ഇ.ഡി) മൊഴി നല്‍കി.

വടക്കാഞ്ചേരിയിലെ ഭവനനിര്‍മാണ കരാര്‍ ലഭിക്കാന്‍ 3.80 കോടി രൂപയുടെ ഡോളര്‍ കരിഞ്ചന്തയില്‍നിന്നു വാങ്ങി യു.എ.ഇ. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്. സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കു കമ്മീഷനായി നല്‍കിയത് 59 ലക്ഷം രൂപയാണ്. മുമ്പു നിര്‍മാണം പൂര്‍ത്തീകരിച്ച ചില കെട്ടിടനിര്‍മാണ കരാറുകളില്‍നിന്നു ലഭിച്ച തുകയാണ് ഇതിനു നല്‍കിയത്. ബാങ്ക് അക്കൗണ്ട് വഴി നിയമാനുസൃതമായാണ് തുകകളെല്ലാം കൈമാറിയതെന്നും തനിക്കു കള്ളപ്പണ ഇടപടുകളില്ലെന്നും സന്തോഷ് ഈപ്പന്‍ മൊഴിനല്‍കി. ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ പകര്‍പ്പുകളും ഇ.ഡിക്കു കൈമാറിയിട്ടുണ്ട്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് നിലവില്‍ പത്തിലധികം അന്വേഷണ ഏജന്‍സികള്‍ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിട്ടുണ്ട്. മറ്റുചില ബില്‍ഡര്‍മാരില്‍നിന്നും സ്വപ്‌നയും സരിത്തും സന്ദീപും പണം വാങ്ങിയിട്ടുണ്ട്.

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണ കരാറുകളും മറ്റു ചില കരാറുകളും ലഭ്യമാക്കാമെന്നു പറഞ്ഞാണ് നാലു കമ്പനികളില്‍നിന്നു പണം വാങ്ങിയത്. വിവിധ പദ്ധതികളുടെ പേരില്‍ 58 കോടിയിലധികം രൂപ യു.എ.ഇ. കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലെത്തിയതായി അറിയാമെന്നും സന്തോഷ് ഈപ്പന്‍ മൊഴിനല്‍കി.സ്വര്‍ണക്കടത്തു കേസിന്റെ വിവിധ തലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. കേസിന് അനുബന്ധമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കള്ളപ്പണ കൈമാറ്റങ്ങളെക്കുറിച്ചുമാണ് ഇ.ഡി. അന്വേഷിക്കുന്നത്.ലൈഫ്മിഷന്‍ കേസില്‍ നയതന്ത്ര സ്വര്‍ണക്കടത്തിലെ മറ്റൊരു പ്രതി സന്ദീപ് നായര്‍ക്ക് കഴിഞ്ഞ അഞ്ചിനു ഹാജരാകാന്‍ ഇ.ഡി. നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഈയാഴ്ച ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം