കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു.മെഡിക്കൽ കോളജ് ആശുപത്രി അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സ് രശ്മി(33) ആണ് മരിച്ചത്. കോട്ടയം കിളിരൂർ സ്വദേശിനിയാണ് ഇവർ.
കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്നാണ് രശ്‌മി അൽഫാം കഴിച്ചത്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയായിരുന്നു. ഇന്ന് ഡയാലിസിസിനും വിധേയമാക്കിയിരുന്നു.
രശ്മിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേയ്ക്ക് മാറ്റി. ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മറ്റ് 20 പേർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ 14 വയസുകാരനായ സംക്രാന്തി സ്വദേശി മെഡിക്കൽ കോളേജിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ഹോട്ടലിന്റെ ലെെസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി നടപടി എടുത്തത്



