റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൈംഗികാതിക്രമക്കേസ്:വകുപ്പ് ഒഴിഞ്ഞ് ഹരിയാന കായിക മന്ത്രി

January 2, 2023 - 8:28 am

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസിനെത്തുടര്‍ന്ന് ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് കായിക വകുപ്പിന്റെ ചുമതല ഒഴിഞ്ഞു. ഒരു ജൂനിയര്‍ അത്‌ലറ്റിക്‌സ് കോച്ച് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഒളിമ്പ്യനും ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റനുമായിരുന്ന മന്ത്രിക്കെതിരേ ചണ്ഡിഗഡ് പോലീസ് ലൈംഗികാതിക്രമത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിരുന്നു. മനോഹര്‍ ലാല്‍ ഖട്ടര്‍ മന്ത്രിസഭയില്‍നിന്ന് സന്ദീപ് സിങ് രാജിവച്ചതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രതിപക്ഷമായ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് വനിതാ കോച്ച് ആരോപണം ഉന്നയിച്ചത്.
മന്ത്രി തന്നെ കടന്നുപിടിച്ചെന്നും മാസങ്ങളായി സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ അയച്ചു ശല്യപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഒരു ജിംനേഷ്യത്തില്‍വച്ചാണു മന്ത്രി യുവതിയെ പരിചയപ്പെട്ടത്. പിന്നീട് ദേശീയ ഗെയിംസ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ വസതിയിലേക്കു വിളിച്ചുവരുത്തിയ മന്ത്രി അപമര്യാദയായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, തന്റെ പ്രതിച്ഛായ തകര്‍ക്കാനായി കെട്ടിച്ചമച്ചതാണ് ആരോപണങ്ങളെന്നു മന്ത്രി സന്ദീപ് സിങ് പറഞ്ഞു.

കുരുക്ഷേത്രയിലെ പെഹോവയില്‍ നിന്നുള്ള സിറ്റിങ് ബി.ജെ.പി എം.എല്‍.എയാണ് സന്ദീപ് സിങ്. ദേശീയ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു. 2018-ല്‍ സിങ്ങിന്റെ ജീവിതം ആസ്പദമാക്കി ‘സൂര്‍മ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങി. എംടിവി റോഡീസ് എന്ന റിയാലിറ്റി ടിവി ഷോയുടെ വിധികര്‍ത്താവ് കൂടിയായിരുന്നു അദ്ദേഹം.

2007-ല്‍ അബദ്ധത്തില്‍ വെടിയേറ്റ് സിങ്, ഒരു വര്‍ഷത്തോളം തളര്‍ന്നു കിടന്നശേഷം ജീവിതത്തിലേക്കു മടങ്ങുകയായിരുന്നു. തന്റെ 20-ാം വയസില്‍ ഹോക്കി ലോകകപ്പ് തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പായിരുന്നു സിങ്ങിനു വെടിയേറ്റത്. അതിനിടെ, സന്ദീപ് സിങ്ങിനെ ഉടന്‍ മന്ത്രിസ്ഥാനത്തുനിന്നു നീക്കണമെന്നു ഐ.എന്‍.എല്‍.ഡിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *