ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തേറ്റി ഐ.എന്‍.എസ്. മോര്‍മുഗാവ് പടക്കപ്പല്‍

മുംബൈ: തദ്ദേശീയമായി നിര്‍മിച്ച, മിസൈല്‍ സംഹാരശേഷിയുള്ള ഐ.എന്‍.എസ്. മോര്‍മുഗാവ് യുദ്ധക്കപ്പല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. മുംബൈയില്‍ നടന്ന കമ്മിഷനിങ് ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, നാവികസേനാമേധാവി ആര്‍. ഹരികുമാര്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, ഗോവ മുഖ്യമ്രന്തി പ്രമോദ് സാവന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

അതിനൂതനസാങ്കേതികവിദ്യയുള്ള ഐ.എന്‍.എസ്. മോര്‍മുഗാവ് ഇന്ത്യയുടെ സമുദ്രശക്തിക്കു പുതിയ ഉണര്‍വേകുമെന്നു മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ലോകസാമ്പത്തികശക്തികളില്‍ ഇന്ത്യ ആദ്യത്തെ അഞ്ച് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. 2027 ആകുമ്പോഴേക്ക് അത് മൂന്നിലെത്തുമെന്നും രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു. ഗോവ വിമോചനദിനത്തിനു തലേന്ന് ഐ.എന്‍.എസ്. മോര്‍മുഗാവ് കമ്മിഷന്‍ ചെയ്തത് ഒരു പതിറ്റാണ്ടിനിടെ രാജ്യം കൈവരിച്ച യുദ്ധക്കപ്പല്‍ രൂപകല്‍പ്പനയുടെയും നിര്‍മാണശേഷിയുടെയും സൂചകമാണെന്നു നാവികസേനാമേധാവി ആര്‍. ഹരികുമാര്‍ ചൂണ്ടിക്കാട്ടി.

നാവികസേനയുടെ വാര്‍ഷിപ് ഡിെസെന്‍ ബ്യൂറോ രൂപകല്‍പ്പന ചെയ്ത കപ്പല്‍ മുംബൈയിലെ മസഗോണ്‍ ഷോക്ക് ഷിപ് ബില്‍ഡേഴ്‌സ് ലിമിറ്റഡാണു നിര്‍മിച്ചത്. ഗോവയിലെ ചരിത്രനഗരമായ മോര്‍മുഗാവിന്റെ പേരിട്ട കപ്പല്‍ ആദ്യമായി നീറ്റിലിറക്കിയതു ഗോവ വിമോചനദിനം ആചരിക്കുന്ന 2021 ഡിസംബര്‍ 19-നായിരുന്നു. ആറുപതിറ്റാണ്ട് മുമ്പ് പോര്‍ച്ചുഗീസ് ഭരണത്തില്‍നിന്നു ഗോവയെ മോചിപ്പിച്ചതിന്റെ സ്മരണാര്‍ഥമാണ് ഈ ദിനാചരണം.

  • മിസൈലുകളുടെ ലക്ഷ്യനിര്‍ണയത്തിനുള്ള അത്യാധുനിക റഡാര്‍ സംവിധാനം.
  • 163 മീറ്റര്‍ നീളം, 17 മീറ്റര്‍ വീതി.
  • ആണവ, ജൈവ, രാസയുദ്ധമുഖങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ്.
  • ശക്തമായ നാല് ഗ്യാസ് ടര്‍ബൈന്‍ പ്രൊപ്പല്ലറുകള്‍.
  • ഉപരിതല-ഉപരിതല മിസൈലുകളും ഉപരിതല-വ്യോമ മിെസെലുകളും ഒരുപോലെ തൊടുക്കാനുള്ള ശേഷി.
  • വിശാഖപട്ടണം ശ്രേണിയിലുള്ള നാല് നശീകരണ യുദ്ധക്കപ്പലുകളില്‍ രണ്ടാമത്തേത്.
Share
അഭിപ്രായം എഴുതാം