റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിഴിഞ്ഞത്ത് സെപ്റ്റംബര്‍ അവസാനം ആദ്യ കപ്പലെത്തും: മന്ത്രി ദേവര്‍കോവില്‍

December 15, 2022 - 10:44 am

തിരുവനന്തപുരം: തുറമുഖനിര്‍മാണം പുനരാരംഭിച്ച വിഴിഞ്ഞത്ത് അടുത്ത സെപ്റ്റംബര്‍ അവസാനം ആദ്യ കപ്പല്‍ അടുപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.വിഴിഞ്ഞത്ത് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെയും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരംമൂലം നഷ്ടമായ ദിവസങ്ങള്‍ തിരികെപിടിക്കാന്‍ ശ്രമിക്കുമെന്നും അതിനനുസരിച്ച് കൃത്യമായ കലണ്ടര്‍ തയാറാക്കി ഓരോ ഘട്ടവും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

”കല്ല് നിക്ഷേപിക്കാന്‍ പുതിയ ലൈന്‍ ഓഫ് പൊസിഷന്‍ (എല്‍.ഒ.പി) നിര്‍മിക്കും. ഇതിന് 60 കോടി രൂപ ചെലവു വരും. ഇതിന്റെ പ്രവൃത്തി അടുത്ത മാസം പൂര്‍ത്തിയാകും. പുതിയ എല്‍.ഒ.പി. പ്രവൃത്തി പൂര്‍ത്തിയായാല്‍ ദിവസം നിക്ഷേപിക്കുന്ന പതിനയ്യായിരം കരിങ്കല്ല് എന്നത് ഇരട്ടിയാക്കാന്‍ സാധിക്കും. തുറമുഖ നിര്‍മാണത്തിനു പാറക്കല്ലുകളുടെ സംഭരണം വേണ്ടത്രയുണ്ട്. തുറമുഖത്തിലെ സബ്‌സ്‌റ്റേഷന്‍ അടുത്ത മാസം നിലവില്‍ വരും. ഗേറ്റ് കോംപ്ലക്‌സ് മാര്‍ച്ചിലും വര്‍ക് ഷോപ്പ് കോംപ്ലക്‌സ് ഏപ്രിലിലും എക്യുപ്‌മെന്റ്‌സ് ഷിപ്പ് മേയിലും റീഫര്‍ സൗകര്യം ഓഗസ്റ്റിലും നിലവില്‍ വരും. 400 മീറ്ററുള്ള ബര്‍ത്ത് ഓണത്തോടനുബന്ധിച്ച് പൂര്‍ത്തിയാക്കും. നിരീക്ഷണ കമ്മിറ്റി എല്ലാ മാസത്തിലെയും അവസാന ബുധനാഴ്ച ചേര്‍ന്നു പ്രവൃത്തി അവലോകനം നടത്തും. 2024 ല്‍ തുറമുഖം പൂര്‍ണമായും കമ്മീഷന്‍ ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്. ആകെയുള്ള നിര്‍മാണ പ്രവൃത്തിയുടെ 70 ശതമാനം പൂര്‍ത്തിയായി”- മന്ത്രി പറഞ്ഞു. വകുപ്പ് സെക്രട്ടറി കെ. ബിജുവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *