റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോളിയോ ബാധിതയായ ഭാര്യയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ഭർത്താവിനെതിരെ കേസെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ്

December 13, 2022 - 9:19 am

കോട്ടയം: തെളളകത്ത് പോളിയോ ബാധിതയായ യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ല.എൺപത് പവനിലേറെ സ്വർണവും നാൽപത് ലക്ഷത്തിലേറെ രൂപയും ഭർത്താവ് തട്ടിയെടുത്ത് നാഗർകോവിൽ സ്വദേശിയായ ഭർത്താവ് മുങ്ങിയെന്നാണ് മുപ്പതുകാരിയുടെ പരാതി.

ചക്ര കസേരയിലാണ് രണ്ടു വയസു മുതൽ ലിറ്റിൽ ഷിയ എന്ന ഈ പെൺകുട്ടിയുടെ ജീവിതം. നാഗർകോവിലിൽ നിന്ന് മുണ്ടക്കയത്തേക്ക് കുടിയേറി താമസമാക്കിയ കുടുംബത്തിലെ ഏക പെൺതരി. ജൻമനാ പോളിയോ ബാധിതയായ ഷിയയെ പൊന്നുപോലെ നോക്കാമെന്ന് വാക്കു നൽകിയാണ് നാഗർകോവിൽ സ്വദേശിയായ ആൻഡ്രൂ സ്പെൻസർ 2015ൽ വിവാഹം കഴിച്ചത്.

വിവാഹം കഴിഞ്ഞതോടെ മാതാപിതാക്കൾ ഷിയയ്ക്ക് നൽകിയ പൊന്നിലും പണത്തിലും മാത്രമായി ആൻഡ്രുവിൻറെ കണ്ണ്. കൊടുക്കുന്തോറും വീണ്ടും വീണ്ടും സ്വർണം ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. ശാരീരിക ആക്രമണങ്ങളും പതിവായി. നിസഹായയായ തൻറെ മുന്നിൽ വച്ച് മറ്റ് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ഥിതി പോലും ഉണ്ടായെന്ന് ഷിയ പറയുന്നു. കൈയിലുണ്ടായിരുന്ന എൺപത് പവനോളം സ്വർണവും നാൽപ്പത് ലക്ഷം രൂപയും തട്ടിയെടുത്ത ശേഷം 2022 മെയ് മാസത്തിലാണ് ആൻഡ്രൂ കോട്ടയം തെളളകത്തെ ഫ്ളാറ്റിൽ ഷിയയെ ഉപേക്ഷിച്ച് ഷിയയുടെ കാറുമായി മുങ്ങിയത്

കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞ് പൊലീസിൽ പരാതി നൽകിയ ഷിയ കോട്ടയം എസ്പിക്കു മുന്നിൽ പോലും നേരിട്ടെത്തി സഹായം അഭ്യർഥിച്ചു. ഗാർഹിക പീഡനത്തിന് കേസെടുത്തതിനപ്പുറം പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഇപ്പോഴും തയാറായിട്ടില്ല. പൊലീസിൽ പരാതി നൽകിയ ശേഷവും ചില വനിതാ സുഹൃത്തുക്കൾ വഴി ആൻഡ്രൂ തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നും ഷിയ പറയുന്നു. സഹോദരൻമാരും കുടുംബസുഹൃത്തുക്കളും ഉൾപ്പെടെയുളളവരുടെ സഹായത്തോടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഷിയയ്ക്ക് നീതിയ്ക്കായി ഇനി ഏതു വാതിലിൽ മുട്ടണമെന്നറിയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *