റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചന്ദ്രനെച്ചുറ്റിക്കറങ്ങി ഒറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

December 7, 2022 - 11:22 am

വാഷിങ്ടണ്‍: ചന്ദ്രനെച്ചുറ്റിക്കറങ്ങി ഒറിയോണ്‍ പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങി. ശാന്തസമുദ്രത്തില്‍ പേടകം പതിക്കുന്നതോടെ ഒന്നാം ആര്‍ട്ടെമിസ് ദൗത്യം പൂര്‍ത്തിയാകും. മനുഷ്യരെ വീണ്ടും ചന്ദ്രനില്‍ അയക്കുകയെന്ന നാസയുടെ പദ്ധതിയിലെ ആദ്യഘട്ടമാണിത്.ചന്ദ്രന്റെ 130 കിലോമീറ്റര്‍ അടുത്തുകൂടി ഒറിയോണ്‍ കടന്നുപോയി. ചന്ദ്രന്റെ മറുഭാഗത്തായിരുന്നപ്പോള്‍ പേടകവുമായുള്ള ബന്ധം അരമണിക്കൂര്‍ നഷ്ടമായി. പിന്നീടു പുനഃസ്ഥാപിച്ചു. പേടകത്തിന്റെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടരാണെന്ന് ഒറിയോണ്‍ പ്രോഗ്രാം ഡെപ്യൂട്ടി മാനേജര്‍ ഡെബ്ബി കോര്‍ത്ത് പറഞ്ഞു.ഭൂമിയിലേക്കു തിരിച്ചെത്തുമ്പോള്‍ ആകെ 22.53 ലക്ഷം കിലോമീറ്റര്‍ പേടകം സഞ്ചരിച്ചുകഴിയുമെന്ന് ആര്‍ട്ടെമിസ് ദൗത്യത്തിന്റെ മാനേജര്‍ മൈക്ക് സറാഫിന്‍ പറഞ്ഞു.നവംബര്‍ 16-ന് ഫ്ളോറിഡയില്‍നിന്ന് നാസയുടെ പടുകൂറ്റന്‍ റോക്കറ്റായ എസ്.എല്‍.എസിലാണ് ഒറിയോണ്‍ ചന്ദ്രനടുത്തേക്ക് യാത്രയായത്. പേടകത്തില്‍ മനുഷ്യരില്ല. രണ്ടാം ആര്‍ട്ടെമിസ് ദൗത്യത്തിലാണ് ഒറിയോണില്‍ ആളുണ്ടാവുക. എന്നാല്‍, ഇവര്‍ ചന്ദ്രനില്‍ ഇറങ്ങില്ല. ചുറ്റി തിരിച്ചുപോരും. 2025-ഓടെ നടപ്പാക്കാമെന്നു പ്രതീക്ഷിക്കുന്ന മൂന്നാംദൗത്യത്തിലാണ് നാസ ചന്ദ്രനില്‍ വീണ്ടും മനുഷ്യരെയിറക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *