വോട്ടര്‍ പട്ടിക ശുദ്ധീകരണം: അവലോകന യോഗം ചേര്‍ന്നു

വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണവും വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വോട്ടര്‍ പട്ടിക നിരീക്ഷകന്‍ എസ്. വെങ്കിടേശപതിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജിന്റെ ചേംബറില്‍ യോഗം ചേര്‍ന്നു.  

18 വയസ് പൂര്‍ത്തിയായ എല്ലാവരെയും വോട്ടര്‍ പട്ടികയില്‍ പേരു   ചേര്‍ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളില്‍ നിന്നു പൂര്‍ണ്ണ പിന്തുണയും സഹകരണവുമുണ്ടാകണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയും ബൂത്ത് ലെവല്‍ ഏജന്റുമാരെയും സജീവമായി നിലനിര്‍ത്തുന്നതിനുള്ള ഇടപെടല്‍ നടത്തണം. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ താലൂക്ക് തലത്തില്‍ യോഗം ചേര്‍ന്ന്  ക്രമീകരണങ്ങള്‍ വിലയിരുത്തണം. വോട്ടര്‍ പട്ടിക ശുദ്ധീകരണവുമായും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടും പ്രചാരണം ഊര്‍ജിതമാക്കാനും അദ്ദേഹം നിര്‍ദേശിച്ചു. 

സ്ഥലത്തില്ലാത്തവരും മരണപ്പെട്ടവരും വീട് മാറിപ്പോയവരുമായ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.  

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, നിയോജക മണ്ഡലങ്ങളിലെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം