കൊച്ചി: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ പ്രവര്‍ത്തിച്ചെന്ന കേസില്‍ പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി എന്‍.ഐ.എ. പ്രത്യേക കോടതി തള്ളി. 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം 38, 39 വകുപ്പുകള്‍ പ്രകാരമാണ് മുഹമ്മദ് അസ്ഹറുദീന്‍, ഷീഖ് ഹിദായത്തുള്ള എന്നിവര്‍ക്കെതിരേ കേസെടുത്തിരുന്നത്.
തീവ്രവാദ സംഘടനയ്ക്ക് നല്‍കിയ അംഗത്വവും പിന്തുണയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി, നിരോധിത ഭീകര സംഘടനയുടെ പ്രത്യയശാസ്ത്രം അസ്ഹറുദീനും കൂട്ടാളികളും പ്രചരിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. ആറ് കോയമ്പത്തൂര്‍ സ്വദേശികള്‍ക്കെതിരേ എന്‍.ഐ.എ. കേസെടുത്തിരുന്നു. സംഘടനയുടെ വിവിധ പരിപാടികളില്‍ പങ്കെടുത്തെന്നും അസ്ഹറുദ്ദീനെതിരെ ആരോപണമുണ്ട്.
അസ്ഹറുദീനുമായി ഹിദായത്തുള്ള വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ബോംബ് സ്‌ഫോടനത്തിന്റെ പ്രതികളിലൊരാളായ സഹ്‌റാന്‍ ഹാഷിമിന്റെ വീഡിയോകളും പ്രസംഗങ്ങളും ഹിദായത്തുള്ള ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും ചെയ്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ ഐ.എസിനേക്കുറിച്ചുള്ള വീഡിയോകള്‍ക്കായി വെബില്‍ തെരയുകയും തീവ്രവാദ ആശയങ്ങളെ പ്രകീര്‍ത്തിക്കുന്ന ചില ഫയലുകള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.