ശരത് കമാലിന് ഖേല്‍രത്‌ന

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന ടേബിള്‍ ടെന്നീസ് താരം അചന്ത ശരത് കമാലിനു സമ്മാനിക്കും.
30 നു രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെന്‍, വനിതാ ബോക്‌സര്‍ നിഖാത് സരിന്‍, മലയാളി അത്‌ലറ്റ് എല്‍ദോസ് പോള്‍, അനിവാശ് സാബ്‌ലെ എന്നിവര്‍ ഉള്‍പ്പെടെ 25 പേര്‍ക്കാണ് ഇത്തവണത്തെ അര്‍ജുന അവാര്‍ഡ്. ചെസ് ലോക ചാമ്പ്യന്‍ നോര്‍വേയുടെ മാഗ്‌നസ് കാള്‍സനെ തോല്‍പ്പിച്ച ആര്‍. പ്രാഗ്ജ്ഞാനന്ദയും അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹനായി.

ബിര്‍മിങാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം നേടിയ താരമാണ് എല്‍ദോസ് പോള്‍. ജീവന്‍ജ്യോത് സിങ് തേജ (അമ്പെയ്ത്ത്), മുഹമ്മദ് അലി ഖമര്‍ (ബോക്‌സിങ്), സുമാ സിദ്ധാര്‍ഥ് ഷിരൂര്‍ (പാരാ ഷൂട്ടിങ്), സുജീത് മാന്‍ (ഗുസ്തി) എന്നിവര്‍ക്കാണു മികച്ച കോച്ചുമാര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം.

ആജീവനാന്ത വിഭാഗത്തില്‍ ദിനേഷ് ജവാഹര്‍ ലാഡ് (ക്രിക്കറ്റ്), ബിമല്‍ പ്രഫുല്‍ ഘോഷ് (ഫുട്‌ബോള്‍), രാജ് സിങ് എന്നിവര്‍ക്കാണു പുരസ്‌കാരം. ധ്യാന്‍ചന്ദ് ലൈഫ്‌ടൈം പുരസ്‌കാരം അശ്വിനി അകുന്‍ജി (അത്റ്റലറ്റിക്‌സ്), ധരംവീര്‍ സിങ് (ഹോക്കി), ബി.സി. സുരേഷ് (കബഡി), നീര്‍ ബഹാദൂര്‍ ഗുരുങ് (പാരാ അത്‌ലറ്റിക്‌സ്) എന്നിവര്‍ക്കാണ്. യുവ പ്രതിഭകളെ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള രാഷ്ട്രീയ ഖേല്‍ പ്രോത്‌സാഹന്‍ പുരസ്‌കാരം ട്രാന്‍സ് സ്‌റ്റേഡിയ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിനാണ്. കലിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി, ലഡാക് സ്‌കീ ആന്‍ഡ് സ്‌നോ ബോര്‍ഡ് അസോസിയേഷന്‍ എന്നിവര്‍ക്കും കായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രത്യേക പുരസ്‌കാരം നല്‍കും.

അര്‍ജുന ജേതാക്കള്‍: സീമാ പൂനിയ, അവിനാശ് സാബ്ലെ, എല്‍ദോസ് പോള്‍, ലക്ഷ്യ സെന്‍, എച്ച്.എസ്. പ്രണോയ്, അമിത്, നിഖാത് സരീന്‍, ഭക്തി പ്രദീപ് കുല്‍ക്കര്‍ണി, ആര്‍. പ്രാഗ്ജ്ഞാനന്ദ, ദീപ് ഗ്രേസ് എക്ക, സുശീല ദേവി, സാക്ഷി കുമാരി, നയന്‍ മോനി സൈകിയ, സാഗര്‍ കാളിദാസ് ഒവ്ഹാല്‍കര്‍, ഇളവേനില്‍ വാളറിവന്‍, ഓംപ്രകാശ് മിതാര്‍വല്‍, ശ്രീജ അകുല, വികാസ് ഠാക്കൂര്‍, അന്‍ശു, സരിത, പര്‍വീണ്‍, മാനസി ഗിരീഷ്ചന്ദ്ര ജോഷി, തരുണ്‍ ധില്ലണ്‍, സ്വാപ്നില്‍ സഞ്ജയ് പാട്ടീല്‍, ജെര്‍ലിന്‍ അനിക.

Share
അഭിപ്രായം എഴുതാം