ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ അസ്വാരസ്യങ്ങള്‍. കോച്ച് എറിക് ടെന്‍ ഹാഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എത്തിയതോടെയാണു രംഗം കൊഴുത്തത്.യുണൈറ്റഡ് അധികൃതര്‍ തന്നെ ചതിച്ചെന്നു ക്രിസ്റ്റിയാനോ തുറന്നടിച്ചു. തന്നെ മാനിക്കാത്ത കോച്ച് എറിക് ടെന്‍ ഹാഗിനോട് ബഹുമാനമില്ലെന്നും ക്രിസ്റ്റിയാനോ വ്യക്തമാക്കി.
പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിലാണ് താരംയുണൈറ്റഡ് അധികൃതര്‍ക്കും കോച്ചിനുമെതിരേ ശബ്ദമുയര്‍ത്തിയത്. അഭിമുഖം ചുരുങ്ങിയ നിമിഷംകൊണ്ടു തന്നെ വൈറലായി. എറിക് ടെന്‍ ഹാഗ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ ക്ലബില്‍നിന്ന് ഒഴിവാക്കാനായി നിരന്തരം ശ്രമിക്കുകയാണെന്നു ക്രിസ്റ്റിയാനോ ആരോപിച്ചു. എറിക് ടെന്‍ ഹാഗിനോടു ബഹുമാനം തോന്നുന്നില്ല. കാരണം അദ്ദേഹം തന്നെ പരിഗണിക്കുന്നില്ല, അത്തരം ഒരാളെ ഒരിക്കലും ബഹുമാനിക്കില്ല.
സീനിയര്‍ എക്സിക്യുട്ടീവ് പദവിയിലിരിക്കുന്ന ചിലര്‍ തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതായും ക്രിസ്റ്റിയാനോ തുറന്നടിച്ചു. കഴിഞ്ഞ വര്‍ഷവും അവരതിന് ശ്രമിച്ചു. ചതിക്കപ്പെട്ടതു കാര്യമാക്കുന്നില്ലെങ്കിലും സത്യം പുറംലോകം അറിയണം – സൂപ്പര്‍ താരം തുടര്‍ന്നു.
ഇതിഹാസ കോച്ച് അലക്സ് ഫെര്‍ഗൂസന്‍ വിളിച്ചിട്ടാണ് ക്ലബിലേക്ക് വന്നതെന്നും ഇപ്പോള്‍ യുണൈറ്റഡ് തനിക്കെതിരേയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണില്‍ ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കു പോകരുതെന്ന് ആവശ്യപ്പെട്ടു. താന്‍ അതുപാലിച്ചു. ഫെര്‍ഗുസണ്‍ കോച്ച് സ്ഥാനം ഒഴിഞ്ഞ ശേഷം യുണൈറ്റഡിന് പുരോഗമനമുണ്ടായിട്ടില്ല. ക്രിസ്റ്റിയാനോയും ടെന്‍ ഹാഗും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി.ടോട്ടന്‍ഹാം ഹോട്ട്സ്പറിനെതിരേ നടന്ന മത്സരത്തില്‍ പകരക്കാരനാക്കിയതില്‍ നിരാശനായ ക്രിസ്റ്റിയാനോ നേരത്തെ കളം വിട്ടിരുന്നു. ഇതും വലിയ ചര്‍ച്ചാ വിഷയമായി. എറിക് ടെന്‍ ഹാഗ് താരത്തെ അടുത്ത മത്സരത്തില്‍നിന്നു വിലക്കിയിരുന്നു. യുണൈറ്റഡില്‍ പലപ്പോഴും പകരക്കാരുടെ റോളിലാണ് കളിക്കുന്നത്. സീസണിന്റെ തുടക്കത്തില്‍ യുണൈറ്റഡ് വിടാനായി ക്രിസ്റ്റിയാനോ പരമാവധി ശ്രമിച്ചിരുന്നു. ക്രിസ്റ്റിയാനോ ടീമിന്റെ അവിഭാജ്യ ഘടകമാണെന്ന നിലപാടില്‍ തുടരുകയാണ് എറിക് ടെന്‍ ഹാഗ്.
കഴിഞ്ഞ വര്‍ഷമാണ് ക്രിസ്റ്റിയാനോ ഇറ്റാലിയന്‍ ക്ലബ് യുവന്റസില്‍ നിന്ന് യുണൈറ്റഡിലെത്തിയത്. കോച്ചിനെയും അധികൃതരെയും കുറ്റപ്പെടുത്തിയ ക്രിസ്റ്റിയാനോയെ പുറത്താക്കണമെന്ന ആവശ്യവുമായി യുണൈറ്റഡിന്റെ കടുത്ത ആരാധകരും രംഗത്തുണ്ട്.പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച വൈകി നടന്ന മത്സരത്തില്‍ യുണൈറ്റഡ് ഫുള്‍ഹാമിനെ 2-1 നു തോല്‍പ്പിച്ചിരുന്നു. ഫുള്‍ഹാമിന്റെ തട്ടകമായ ക്രാവണ്‍ കോട്ടേജില്‍ നടന്ന മത്സരത്തില്‍ യുണൈറ്റഡിനു വേണ്ടി ക്രിസ്റ്റിയന്‍ എറിക്സണ്‍, അലഹാന്‍ഡ്രോ ഗര്‍നാചോ എന്നിവര്‍ ഗോളടിച്ചു. ഡാനിയല്‍ ജെയിംസ് ഫുള്‍ഹാമിനായി ഒരു ഗോളടിച്ചു. 14 കളികളില്‍നിന്ന് 26 പോയിന്റ് നേടിയ യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്. 15 കളികളില്‍നിന്നു 19 പോയിന്റ് നേടിയ ഫുള്‍ഹാം ഒന്‍പതാമതാണ്.
കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഗര്‍നാചോ ഗോളടിച്ചത്. 14-ാം മിനിറ്റില്‍ എറിക്സണിലൂടെ യുണൈറ്റഡ് ലീഡെടുത്തു. നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നാണ് എറിക്സണ്‍ ഗോളടിച്ചത്.
യുണൈറ്റഡിനായി എറിക്സണ്‍ നേടുന്ന ആദ്യ ഗോള്‍ കൂടിയാണിത്. രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ഡാനിയല്‍ ജെയിംസ് ഫുള്‍ഹാമിന് സമനില ഗോള്‍ സമ്മാനിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്.പകരക്കാരനായി വന്ന ഗര്‍നാചോ ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ മികച്ച മുന്നേറ്റം നടത്തി ഗോളടിച്ചു. ഗര്‍നാചോ അര്‍ജന്റീനയുടെ ഭാവി വാഗ്ദാനമായാണ് കരുതപ്പെടുന്നത്. 14 കളികളില്‍നിന്നു 37 പോയിന്റ് നേടിയ ആഴ്സണല്‍ ഒന്നാം സ്ഥാനത്തു തുടരുകയാണ്. വോള്‍വര്‍ഹാംപ്റ്റണ്‍ വാണ്ടറേഴ്സിനെതിരേ നടന്ന എവേ മത്സരത്തില്‍ 2-0 ത്തിനു ജയിച്ചാണ് ആഴ്സണല്‍ ഒന്നാം സ്ഥാനത്തു തുടര്‍ന്നത്. മാര്‍ട്ടിന്‍ ഒഡേഗാഡാണ് രണ്ടു ഗോളുകളുമടിച്ചത്. 14 കളികളില്‍ നിന്നു 32 പോയിന്റുള്ള നിലവിലെ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതാണ്.