മലപ്പുറം: ഐ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ശനിയാഴ്ച (12.11.2022) മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ഗോകുലവും റണ്ണറപ്പുകളായ മുഹമ്മദന്‍ സ്പോര്‍ട്ടിങ്ങും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകിട്ട് 4.30 നു തുടങ്ങുന്ന മത്സരം യൂറോ സ്പോര്‍ട്സ് ചാനലില്‍ തത്സമയം കാണാം. കോവിഡ് പ്രതിസന്ധിക്കിടെ രണ്ടു വര്‍ഷം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന ഐ ലീഗ് മത്സരങ്ങള്‍ ഇത്തവണ ഹോം-എവേ രീതിയിലാണ് സംഘടിപ്പിക്കുന്നത്. 11 ഹോം മത്സരങ്ങളില്‍ ഗോകുലത്തിന്റെ ആറു മത്സരങ്ങള്‍ക്കും പയ്യനാട് സ്റ്റേഡിയം ആതിഥ്യമരുളും.
കാമറൂണ്‍ കോച്ച് റിച്ചാര്‍ഡ് ടോവയുടെ നേതൃത്വത്തില്‍ ഗോകുലം കഴിഞ്ഞ രണ്ടു മാസങ്ങളായി കോഴിക്കോടായിരുന്നു പരിശീലനം. ആറു വിദേശ താരങ്ങള്‍ ഉള്ള ടീമില്‍, കഴിഞ്ഞ വര്‍ഷത്തെ പോലെ മലയാളി താരങ്ങള്‍ക്കാണ് പ്രാമുഖ്യം.
24 അംഗ സ്‌ക്വാഡില്‍ 12 മലയാളികള്‍ ഉണ്ട്. അര്‍ജുന്‍ ജയരാജ് (മഞ്ചേരി), നൗഫല്‍ (മുക്കം, കോഴിക്കോട്), മുഹമ്മദ് ജാസിം (വളാഞ്ചേരി), താഹിര്‍ സമാന്‍ (കൊടുവള്ളി), ശ്രീക്കുട്ടന്‍ (തൃശൂര്‍), ഷിജിന്‍ ടി (തിരുവനന്തപുരം), സൗരവ് (കണ്ണൂര്‍), ഷഹജാസ് (അങ്ങാടിപ്പുറം), ഷിബിന്‍രാജ് കുനിയില്‍ (കോഴിക്കോട്), അഖില്‍ പി (ആലുവ), രാഹുല്‍ രാജു (തിരുവനന്തപുരം), റിഷാദ് പി (തിരൂര്‍) എന്നീ മലയാളികള്‍ ഗോകുലത്തിനു വേണ്ടി ബൂട്ട് കെട്ടും.
അര്‍ജന്റീനയില്‍നിന്നുള്ള യുവാന്‍ കാര്‍ലോസ് നെല്ലാര്‍, ബ്രസീലില്‍നിന്നുമുള്ള എവെര്‍ട്ടന്‍ ഗുല്‍മാരെസ്, കാമറൂണ്‍ സ്വദേശികളായ അമിനോ ബൗബാ, സോമലാഗ, ഡോഡി ന്‍ഡോ, അഫ്ഗാന്‍ മിഡ്ഫീല്‍ഡര്‍ ഫര്‍ഷാദ് നൂര്‍ എന്നീ വിദേശ താരങ്ങള്‍ ഗോകുലത്തിനു കരുത്തേകും. മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്ത ഗോകുലം പക്ഷേ ആദ്യമായാണ് ഇവിടെ ഐ ലീഗ് മത്സരങ്ങള്‍ക്കിറങ്ങൂന്നത്. മലബാറിയന്‍സ് എന്നു വിളിപ്പേരുള്ള ഗോകുലമാണ് കഴിഞ്ഞ രണ്ടു വര്‍ഷവും ഐ ലീഗ് കിരീടമുയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങിനെ അവസാനമത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളിനു തോല്‍പ്പിച്ചാണ് ഗോകുലം കിരീടം നേടിയ്. ഹാട്രിക് കിരീടനേട്ടത്തോടെ ഐ.എസ്.എല്‍. പ്രവേശമാണ് ഗോകുലം ഇത്തവണ ലക്ഷ്യമിടുന്നത്.
പയ്യനാട് നടക്കുന്ന മത്സരങ്ങള്‍ക്ക് ഗ്യാലറി വിഭാഗത്തില്‍ ടിക്കറ്റ് നിരക്ക് 100 രൂപയാണ്. വിദ്യാര്‍ഥികള്‍ക്ക് നിരക്കില്‍ ഇളവുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരുന്ന വിദ്യാര്‍ഥികള്‍ക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. വി.ഐ.പി. ടിക്കറ്റുകള്‍ക്ക് 150 രൂപയും വി.വി.ഐ.പി. ടിക്കറ്റിന് 200 രൂപയുമാണ്. ഗ്യാലറി സീസണ്‍ ടിക്കറ്റിനു 550 രൂപയും വി.വി.ഐ.പി. ടിക്കറ്റുകള്‍ക്ക് 1,100 രൂപയുമാണ് നിരക്ക്. ടിക്കറ്റുകള്‍ മലപ്പുറം ഗോകുലം ചിട്ടി ഓഫീസുകളില്‍ ലഭിക്കും.
ഗോകുലം എഫ്.സിയുടെ ഈ സീസണിലെ ജഴ്സിയുടെ പ്രകാശനം മലപ്പുറം റീ താജ് ഇന്നില്‍ നടന്നു. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, മഞ്ചേരി നഗരസഭ ചെയര്‍പഴ്സണ്‍ വി.എം. സുബൈദ, ഡി.എഫ്.എ. പ്രസിഡന്റ് അഷ്റഫ്, മുന്‍ ഇന്ത്യന്‍ താരം യു. ഷറഫലി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നടത്തി. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി. അനില്‍, ഗോകുലം എഫ്.സി. സി.ഇ.ഒ: ഡോ. ബി. അഷോക് കുമാര്‍, കോച്ച് റിച്ചാര്‍ഡ് ടവാ, ക്യപ്റ്റന്‍ അമിനൗ ബൗബ, വൈസ് ക്യാപ്റ്റന്‍ നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.



