റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിൽ ഈ വർഷം പേവിഷബാധയേറ്റ് മരണമടഞ്ഞ 21 പേരിൽ 15 പേരും പ്രതിരോധ ചികിത്സ എടുക്കാത്തവരെന്ന് റിപ്പോർട്ട്

November 10, 2022 - 6:48 am

തിരുവനന്തപുരം: കേരളത്തിൽ പേവിഷബാധ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച മെഡിക്കൽ വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനാണ് അന്തിമ റിപ്പോർട്ട് കൈമാറിയത്. . 2022 ജനുവരി മുതൽ സെപ്തംബർ വരെ പേവിഷബാധ മൂലം നടന്നിട്ടുള്ള 21 മരണങ്ങളെക്കുറിച്ച് സമിതി വിശദമായ അവലോകനം നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മരണമടഞ്ഞ 21 വ്യക്തികളിൽ 15 പേരും മൃഗങ്ങളുടെ കടിയേറ്റത് അവഗണിക്കുകയും പ്രതിരോധ ചികിത്സ എടുക്കാത്തവരുമാണെന്ന് റിപ്പോർട്ട് പറയുന്നു. 6 വ്യക്തികൾക്ക് വാക്‌സിൻ, ഇമ്മ്യൂണോഗ്ലോബുലിൻ എന്നീ പ്രതിരോധ കുത്തിവയ്പുകൾ നൽകിയിട്ടുണ്ടെങ്കിലും ഞരമ്പുകളുടെ സാന്ദ്രത കൂടുതലുള്ള മുഖം, ചുണ്ട്, ചെവി, കൺപോളകൾ, കഴുത്ത്, കൈ വെള്ള എന്നിവിടങ്ങളിൽ ഗുരുതരവും ആഴമേറിയതുമായ കാറ്റഗറി 3 മുറിവേറ്റവരാണ്. അതിനാൽ കടിയേറ്റപ്പോൾ തന്നെ റാബീസ് വൈറസ് ഞരമ്പുകളിൽ കയറിയിട്ടുണ്ടാവാമെന്നാണ് സമിതിയുടെ വിലയിരുത്തൽ.

മൃഗങ്ങളുടെ കടിയേൽക്കാനുള്ള സാഹചര്യം, പ്രഥമ ശുശ്രൂഷയുടെ വിവരങ്ങൾ, പ്രതിരോധ കുത്തിവയ്പിന്റെ വിശദാംശങ്ങൾ, പ്രതിരോധ മരുന്നുകളുടെ ലഭ്യത, വാക്‌സിൻ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ, ചികിത്സാരേഖകൾ, സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ എന്നിവ കൂടാതെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും മരണപ്പെട്ട വ്യക്തികളുടെ ഭവനസന്ദർശനം നടത്തുകയും ബഡുക്കളുടെ പക്കൽ നിന്നും വിവരങ്ങൾ ശേഖരിച്ചുമാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്

വാക്‌സിൻ, ഇമ്മ്യൂണോഗ്ലോബുലിൻ എന്നിവ കേന്ദ്ര ലബോറട്ടറിയിലെ പരിശോധനയിൽ ഗുണനിലവാരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വാക്‌സിൻ എടുത്ത വ്യക്തികളിൽ പ്രതിരോധശേഷി കൈവരുത്തുന്ന ആന്റിബോഡികളുടെ സാന്നിധ്യം ആവശ്യമുള്ള തോതിൽ ഉണ്ടെന്ന് ബെം​ഗളൂരു നിംഹാൻസിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോക്ടർ തോമസ് മാത്യു ചെയർമാനായ കമ്മിറ്റിയിൽ ഡബ്ല്യുഎച്ച്ഒ കോളാബെറേറ്റീവ് സെന്റർ ഫോർ റഫറൻസ് ആൻഡ് റിസർച്ച് ഫോർ റാബീസ്, നിംഹാൻസ്, ബെം​ഗളൂരു അഡിഷണൽ പ്രൊഫസർ ഡോക്ടർ റീത്ത എസ്. മണി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോക്ടർ അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ സ്വപ്ന സൂസൻ എബ്രഹാം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഡയറക്ടർ ഡോക്ടർ ഇ. ശ്രീകുമാർ, ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഡോക്ടർ എസ്. ഹരികുമാർ, ഡ്രഗ്‌സ് കൺട്രോളർ പി.എം. ജയൻ എന്നിവരാണ് സമിതിയംഗങ്ങൾ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *