യു.എസ്. ഇടക്കാല തെരഞ്ഞെടുപ്പ്: ഇഞ്ചോടിഞ്ച് പോരാട്ടം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 435 അംഗ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നാണ് സൂചന. 100 അംഗ സെനറ്റില്‍ ഇരുപക്ഷവും 48 സീറ്റുകളാണ് ഉറപ്പിച്ചിട്ടുള്ളത്. പ്രതിപക്ഷത്തിന് അനുകൂലമായ സാഹചര്യം മുതലാക്കാന്‍ കഴിയാത്തതിനു കാരണം മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണെന്ന വിമര്‍ശനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ക്യാമ്പില്‍ ഉയരുന്നുണ്ട്.ജനപ്രതിനിധി സഭയിലെ എല്ലാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. 218 സീറ്റാണു ഭൂരിപക്ഷത്തിനു വേണ്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി 201 സീറ്റുകളാണ് ഉറപ്പിച്ചിട്ടുള്ളത്. ഡെമോക്രാറ്റുകള്‍ക്ക് 181 സീറ്റുകളാണുള്ളത്. നൂറ് അംഗങ്ങളുള്ള സെനറ്റില്‍ 35 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വൈകാന്‍ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പില്‍ ജോ ബൈഡനും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും കനത്ത തിരിച്ചടിയുണ്ടാകുമെന്നായിരുന്നു പ്രവചനം.

ഗവര്‍ണര്‍ സ്ഥാനങ്ങളുടെ കാര്യത്തിലും കടുത്ത പോരാട്ടമുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 21 സംസ്ഥാനങ്ങളാണു ഡെമോക്രാറ്റ് പക്ഷത്തുള്ളത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ് 24 സംസ്ഥാനങ്ങള്‍. ആകെ 36 സംസ്ഥാനങ്ങളിലാണു ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡന്റ് ജോ ബൈഡനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണു തെരഞ്ഞെടുപ്പ് ഫലം. പ്രസിഡന്റ് പദവിയിലിരിക്കെ ഡോണള്‍ഡ് ട്രംപ്, ബരാക് ഒബാമ, ബില്‍ €ന്റണ്‍ എന്നിവര്‍ക്കും ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധിസഭയിലെ ഭൂരിപക്ഷം നഷ്ടമായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വലിയ നേട്ടമുണ്ടാക്കാത്തത് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ മോഹങ്ങള്‍ക്കു തിരിച്ചടിയായേക്കും.

ഫ്ലോറിഡയില്‍ പാര്‍ട്ടിയെ മികച്ച വിജയത്തിലേക്കു നയിച്ച ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് നേതൃനിരയിലേക്കു ഉയരുമെന്നാണു സൂചന. ട്രംപ് പക്ഷത്തെ മോശം സ്ഥാനാര്‍ഥികളാണു വിജയത്തിളക്കം കുറച്ചതെന്നുമുള്ള വിമര്‍ശനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്.

Share
അഭിപ്രായം എഴുതാം