ലോകകപ്പ് ക്രിക്കറ്റ്: ആദ്യ സെമി നവംബര്‍ 9ന്

സിഡ്നി: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ഒന്നാം സെമി ഫൈനല്‍നവംബര്‍ 9ന്്. ഗ്രൂപ്പ് 1 ലെ ജേതാക്കളായ ന്യൂസിലന്‍ഡും 2 ലെ രണ്ടാം സ്ഥാനക്കാരായ പാകിസ്താനുമാണ് ഫൈനല്‍ മോഹവുമായി കളത്തിലിറങ്ങുന്നത്. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന സൂപ്പര്‍ 12 മത്സരത്തിന് ഉപയോഗിച്ച അതേ പിച്ചിലാണ് ഇന്നത്തെ മത്സരം.ബാറ്റര്‍മാര്‍ക്ക് അനുകൂലമാണ് ഈ പിച്ച്. ഇവിടെ നടന്ന ആറ് മത്സരങ്ങളില്‍ അഞ്ചിലും ആദ്യം ബാറ്റ് ചെയ്തവര്‍ ജയിച്ചിരുന്നു. അതുകൊണ്ടു തന്നെ ടോസ് നേടുന്നവര്‍ കണ്ണും പൂട്ടി ആദ്യം ബാറ്റ് ചെയ്യുമെന്ന് ഉറപ്പ്. രാവിലെ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെങ്കിലും മത്സരം തുടങ്ങുമ്പോഴേക്കും തെളിയുമെന്നാണ് ഓസ്ട്രേലിയന്‍ വെതര്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ മൂന്നാം തവണയാണു ലോകകപ്പ് സെമി മത്സരം നടക്കുന്നത് (മുമ്പ് രണ്ട് ഏകദിന ലോകകപ്പ് സെമികള്‍). വെസ്റ്റിന്‍ഡീസിലെ സെന്റ് ലൂസിയയിലുള്ള ഡാരന്‍ സാമി നാഷണല്‍ സ്റ്റേഡിയവും ശ്രീലങ്കയിലെ കൊളംബോയിലുള്ള റമോണ്‍ പ്രേമദാസ സ്റ്റേഡിയവും മൂന്ന് സെമികള്‍ക്കു വേദിയായി. ഇം ണ്ടിലെ ഓവലിലും ഓള്‍ഡ് ട്രാഫോഡിലും നാല് സെമി മത്സരങ്ങള്‍ വീതം നടന്നു. ട്വന്റി20 യിലെ പരസ്പര ഏറ്റുമുട്ടലുകളില്‍ പാകിസ്താനാണു മുന്‍തൂക്കം. ആകെ 28 മത്സരങ്ങള്‍ നടന്നു. അതില്‍ 17 ല്‍ പാകിസ്താന്‍ ജയിച്ചു. 11 മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് ജയമറിഞ്ഞു. ന്യൂസിലന്‍ഡിന്റെ എട്ട് ജയങ്ങള്‍ സ്വന്തം നാട്ടിലായിരുന്നു. പവര്‍പ്ലേയിലെ മോശം സ്‌കോറിങാണ് പാകിസ്താന്റെ തലവേദന. 5.93 ആണ് പവര്‍പ്ലേയിലെ റണ്‍റേറ്റ്. സൂപ്പര്‍ 12 ല്‍ സിംബാബ്വേയ്ക്കും ഹോളണ്ടിനും മാത്രമാണ് അതിലും മോശം റണ്‍റേറ്റുള്ളത്.

സൂപ്പര്‍ 12 ല്‍ ഇന്ത്യക്കെതിരേ നടന്ന ആദ്യ മത്സരത്തിലെ തോല്‍വിക്കു ശേഷം അധിക ബാറ്ററെ പാകിസ്താന്‍ ഒഴിവാക്കിയിരുന്നു. നാലാം പേസറെയാണ് അവര്‍ തുടര്‍ന്നു കളിപ്പിച്ചത്. ബാറ്റിങ്ങിനു കരുത്തു കൂട്ടാന്‍ മുഹമ്മദ് വാസിമിനു പകരം ആസിഫ് അലിയെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

ന്യൂസിലന്‍ഡ് ടീമില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. പാക് ഇടംകൈയന്‍ ബാറ്റര്‍മാരെ നേരിടാന്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ മൈക്കിള്‍ ബ്രേസ്വെല്ലിനെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇടംകൈയന്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്നര്‍ ഈ ലോകകപ്പില്‍ ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ അധികം എറിഞ്ഞിട്ടില്ല. സാന്റ്നറിനെ സമ്മര്‍ദത്തിലാക്കാന്‍ ഷാന്‍ മസൂദ്, മുഹമ്മദ് നവാസ് എന്നിവര്‍ക്കാകും.

ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍ എന്നിവര്‍ക്കു ലെഗ് സ്പിന്നര്‍മാരെ നേരിടാനുള്ള ദൗര്‍ബല്യം ഷാദാബ് ഖാനിലൂടെ മുതലാക്കാമെന്ന പ്രതീക്ഷയിലാണു പാകിസ്താന്‍. നായകന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനും ചേര്‍ന്ന ഓപ്പണിങ് ജോഡിക്കു തിളങ്ങാന്‍ കഴിയാത്തതാണു പാകിസ്താന്റെ അലട്ടുന്ന മറ്റൊരു പ്രശ്നം. ന്യൂസിലന്‍ഡിന്റെ വെറ്ററന്‍ പേസര്‍മാരായ ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്ക് ഈ ലോകകപ്പില്‍ മാരക പ്രകടനം കാഴ്ചവയ്ക്കാനായില്ല.

ഇത്തവണ 150 റണ്‍ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന രണ്ടു ബാറ്റര്‍മാരെയുള്ളു. ന്യൂസിലന്‍ഡിന്റെഗ്ലെൻ ഫിലിപ്സും ഇന്ത്യയുടെ സൂര്യകുമാര്‍ യാദവുമാണ്. ശ്രീലങ്കയ്ക്കെതിരേ 64 പന്തില്‍ 104 റണ്ണുമായി പുറത്താകാതെനിന്ന ഗ്ലെൻ ഫിലിപ്സിന്റെ ഇന്നിങ്സ് പാക് ടീം മാനേജ്മെന്റിന്റെ ചിന്താ വിഷയമാണ്. ന്യൂസിലന്‍ഡ് മൂന്നിന് 15 റണ്ണെന്ന നിലയില്‍ തകര്‍ന്നപ്പോഴാണു ഫിലിപ്സിന്റെ വിശ്വരൂപമുണ്ടായത്. ഇന്നിങ്സ് അവസാനിക്കുമ്പോള്‍ ന്യൂസിലന്‍ഡ് 167 ലെത്തിയിരുന്നു.

സാധ്യതാ ടീം: ന്യൂസിലന്‍ഡ്- ഫിന്‍ അലന്‍, ഡെവന്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍ (നായകന്‍),ഗ്ലെൻ ഫിലിപ്സ്, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ഇഷ് സോധി, ലൂകി ഫെര്‍ഗുസണ്‍.സാധ്യതാ

ടീം: പാകിസ്താന്‍- മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം (നായകന്‍), മുഹമ്മദ് ഹാരിസ്, ഷാന്‍ മസൂദ്, ഇഫ്തിഖര്‍ അഹമ്മദ്, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍, മുഹമ്മദ് വാസിം, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ്.

Share
അഭിപ്രായം എഴുതാം