റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

November 1, 2022 - 6:20 am

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെ പ്രതി ചേർത്ത് ജില്ലാ ക്രൈംബ്രാഞ്ച്. ഇരുവരും നിലവിൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

അമ്മയും അമ്മാവനും ചേർന്നാണ് തെളിവ് നശിപ്പിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഷാരോണിന് വിഷം കലർത്തിയ കഷായം നൽകി എന്ന കാര്യം ഗ്രീഷ്മ അമ്മയോടും അമ്മാവനോടു പറഞ്ഞതായാണ് വിവരം. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഗ്രീഷ്മ ഇക്കാര്യം അമ്മയോടും അമ്മാവനോടും പറയുന്നത്. തുടർന്ന് കഷായ പാത്രമടക്കമുള്ള തെളിവുകൾ നശിപ്പിച്ചു. വീടിനടുത്തുള്ള കാട്ടിൽ ഇവ ഉപേക്ഷിച്ചുവെന്നാണ് അമ്മയുടേയും അമ്മാവന്റേയും മൊഴി.

കൊലപാതകത്തിന് പിന്നിൽ മറ്റാരും ഇല്ലെന്നും താൻ ഒറ്റക്കായിരുന്നു ഇത് ചെയ്തത് എന്നുമായിരുന്നു ഗ്രീഷ്മ ചോദ്യംചെയ്യലിൽ പറഞ്ഞിരുന്നത്. എന്നാൽ ഗ്രീഷ്മ ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കില്ലെന്നും പിന്നിൽ ആരെങ്കിലും ഉണ്ടാകുമെന്നും ഷാരോണിന്റെ കുടുംബം നിരന്തരം ആരോപിച്ചിരുന്നു. തുടർന്ന് വിശദമായ ചോദ്യംചെയ്യലിനു ശേഷമാണ് അമ്മയേയും അമ്മാവനേയും ഇപ്പോൾ ജില്ലാ ക്രൈംബ്രാഞ്ച് പ്രതിചേർത്തിരിക്കുന്നത്. കൂടുതൽ പേർ കൃത്യത്തിൽ പങ്കാളികളായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. തുടർന്നുള്ള ചോദ്യംചെയ്യലുകൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.

അതേസമയം, ഷാരോണിന്റെ മരണം കൊലപാതകമാണെന്നും ഗ്രീഷ്മയാണ് കൊലപ്പെടുത്തിയതെന്നും ഷാരോണിന്റെ ബന്ധുക്കൾ തുടർച്ചയായി പരാതിപ്പെട്ടിട്ടും പാറശ്ശാല പോലീസ് അന്വേഷണത്തിൽ കാണിച്ചത് വലിയ വീഴ്ചയാണെന്ന ആരോപണം ശക്തമാണ്. അന്വേഷണത്തിന് നേതൃത്വം നൽകിയ ഉന്നത ഉദ്യോഗസ്ഥർ സംഭവത്തെ നിസാരവത്‌കരിച്ച് പെൺകുട്ടിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം.

ആശുപത്രിയിവെച്ച് പോലീസ് മൊഴി രേഖപ്പെടുത്തിയശേഷം പെൺകുട്ടിയുടെ വീട്ടിലെത്തിയ പോലീസ് കഷായത്തിന്റെ കുപ്പിയുൾപ്പെടെയുള്ള തെളിവുകൾ കണ്ടെത്താൻ ശ്രമിച്ചില്ല. തീർത്തും നിസാരവത്കരിച്ചാണ് അന്വേഷണം നടത്തിയതെന്നാണ് ഷാരോണിന്റെ സഹോദരൻ ഷിമോൻ പറഞ്ഞത്‌. പാറശ്ശാല പോലീസിന്റെ സമീപനത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തിലാണ് പാറശ്ശാല പോലീസിന്റെ വീഴ്ച വ്യക്തമാകുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *