ന്യൂഡല്‍ഹി: ഒക്ടോബര്‍ 23ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അയോധ്യ സന്ദര്‍ശിക്കും.വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി ഭഗവാന് ശ്രീ രാംലാല വിരാജ്മാന്റെ ദര്‍ശനവും പൂജയും നടത്തും, തുടര്‍ന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര സ്ഥലം പരിശോധിക്കും. വൈകുന്നേരം 5:45 ന് അദ്ദേഹം പ്രതീകാത്മക ഭഗവാന് ശ്രീരാമന്റെ രാജ്യാഭിഷേകം നടത്തും. വൈകുന്നേരം 6:30ഓടെ, സരയൂ നദിയിലെ ന്യൂഘട്ടിലെ ആരതിക്ക് പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും, തുടര്‍ന്ന് പ്രധാനമന്ത്രി ദീപോത്സവ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.
ഈ വര്‍ഷം ദീപോത്സവത്തിന്റെ ആറാമത് പതിപ്പാണ് നടക്കുന്നത്, ആദ്യമായാണ് പ്രധാനമന്ത്രി ആഘോഷങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നത്. ചടങ്ങില്‍ 15 ലക്ഷത്തിലധികം ദീപങ്ങള്‍ തെളിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത നൃത്തരൂപങ്ങളുള്ള അഞ്ച് ആനിമേറ്റഡ് ടാബ്ലോകളും പതിനൊന്ന് രാമലീല ടാബ്ലോകളും ദീപോത്സവത്തില്‍ അവതരിപ്പിക്കും . ഗ്രാന്‍ഡ് മ്യൂസിക്കല്‍ ലേസര്‍ ഷോയ്ക്കൊപ്പം സരയൂ നദിയുടെ തീരത്തുള്ള രാം കി പൈഡിയില്‍ നടക്കുന്ന 3-ഡി ഹോളോഗ്രാഫിക് പ്രൊജക്ഷന് മാപ്പിംഗ് ഷോയ്ക്കും പ്രധാനമന്ത്രി സാക്ഷിയാകും.



