റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസുകാരന്റെ മാങ്ങ മോഷണ കേസ് പിൻവലിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ് കോടതിയിൽ

October 20, 2022 - 7:06 am

കോട്ടയം: പച്ചക്കറി മൊത്തവ്യാപാരക്കടയിൽ നിന്ന് പോലീസുകാരൻ മാങ്ങ മോഷ്ടിച്ചെന്ന കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കത്തിനെതിരേ പോലീസ്. കേസ് ഒത്തുതീർപ്പാക്കിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും മോഷണം നടത്തിയ പ്രതി പോലീസുകാരനാണ് എന്നുള്ള വസ്തുത ഗൗരവതരമാണെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞിരപ്പള്ളി സിഐ 2022 ഒക്ടോബർ 19 ബുധനാഴ്ച കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കേസ് പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ടത്.

കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും ഒത്തുതീർക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് പോലീസുകാരൻ മാങ്ങ മോഷ്ടിച്ച കടയുടെ ഉടമ കഴിഞ്ഞ ദിവസം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതേതുടർന്ന് കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പോലീസുകാരൻ എന്ന നിലയിൽ നീതിയും ന്യായവും പരിപാലിക്കേണ്ട ഒരാൾ കേസിൽ ഉൾപ്പെടുന്നുവെന്നത് ഗൗരവതരത്തിലുള്ള കുറ്റകൃത്യമാണ്. ഇത് സേനയ്ക്കും വലിയ മാനക്കേടുണ്ടാക്കി. കേസ് പിൻവലിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. അതിനാൽ കേസ് പിൻലിക്കാൻ അനുവദിക്കരുതെന്നാണ്‌ റിപ്പോർട്ടിൽ പോലീസ് ആവശ്യപ്പെട്ടത്.

സംഭവത്തിൽ, ഇടുക്കി എ.ആർ.ക്യാമ്പിലെ സി.പി.ഒ. കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെതിരേയാണ് പോലീസ് കേസെടുത്തത്. 19 ദിവസം കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനായിട്ടില്ല. സെപ്റ്റംബർ 30-ന് പുലർച്ചെ നാലോടെയാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ മൊത്തവ്യാപാര പച്ചക്കറിക്കടയ്ക്ക് മുന്നിൽ വെച്ചിരുന്ന പെട്ടിയിൽനിന്ന് മാങ്ങ മോഷ്ടിച്ചെന്നാണ് കേസ്. കോട്ടയത്തുനിന്ന് ജോലികഴിഞ്ഞെത്തിയ ഷിഹാബ് മാങ്ങ പെറുക്കി സ്‌കൂട്ടറിന്റെ ഡിക്കിയിലിടുന്നത് കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. കടയുടമ സി.സി.ടി.വി. ദൃശ്യമടക്കം നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇതേത്തുടർന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പോലീസ് മേധാവി സസ്പെൻഡുചെയ്തിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *