കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ടീം ബസിനെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. അപകടരമായ നിലയിലാണ് ബസിന്റെ അവസ്ഥ എന്നതുള്‍പ്പെടെ, വിവിധ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി.ബസിന്റെ പിന്നിലെ ഒരു ടയറില്‍ വലിയ വിള്ളല്‍ കണ്ടെത്തിയെന്നും റിയര്‍വ്യൂ മിറര്‍ തകര്‍ന്ന നിലയിലാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വിശദീകരിച്ചു. രണ്ടു ടയറുകള്‍ തേഞ്ഞ് തീരാറായ സ്ഥിതിയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ ആവശ്യത്തിന് മരുന്നുകള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അനുമതിയില്ലാതെ പരസ്യം പതിച്ചതാണ് നടപടിക്ക് പ്രധാന കാരണമായതെന്നാണ് സൂചന. എല്ലാത്തരം ബസുകളിലും കളര്‍ കോഡ് നിര്‍ബന്ധമാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച ബസ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പരിശോധിക്കുകയും ബസ് ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
മത്സരം കഴിഞ്ഞ് താരങ്ങളെ വിട്ട ശേഷം ബസ് ഹാജരാക്കാനായിരുന്നു ആര്‍.ടി.ഒ നല്‍കിയ നിര്‍ദേശം. എന്നാല്‍ ബസ് ഹാജരാക്കാതെ വന്നതോടെ അധികൃതര്‍ നേരിട്ടെത്തി വിശദപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് പരിശോധനയ്ക്കു ശേഷമേ ബസ് വീണ്ടും നിരത്തിലിറക്കാനാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നടപടിയെ കുറിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.




