ചെന്നൈ: ബംഗളുരു എഫ്.സിയെ സമനിലയില്‍ തളച്ച് ചെന്നൈയിന് എഫ്.സി. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണു ചെന്നൈയിന് ബംഗളുരുവിനെ 1-1 നു കുടുക്കിയത്. കളി തുടങ്ങി നാലാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ മുന്നിലെത്താന്‍ ബംഗളുരുവിനായി. ശിവശക്തി നാരായണന്റെ അപ്രതീക്ഷിത മുന്നേറ്റമാണു ഗോളില്‍ അവസാനിച്ചത്. ചെന്നൈയിന് പ്രതിരോധക്കാരെ മറികടന്നെത്തിയ ശിവശക്തി മറിച്ചു നല്കിയ പന്ത് റോയ് കൃഷ്ണ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലാക്കി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ പ്രശാന്ത് മോഹനിലൂടെ ചെന്നൈയിന് തിരിച്ചടിച്ചു. പീറ്റര്‍ സ്ലിസ്കോവിച്ചിന്റെ ത്രൂ ബോളിനെ പ്രശാന്ത് വലംകാലനടിയിലൂടെ വലയിലെത്തിച്ചു. 82-ാം മിനിറ്റില്‍ റോയ് കൃഷ്ണയെ അപകടകരമായി ഫൗള്‍ ചെയ്ത ദേബജീത് മജൂംദാര്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ചെന്നൈയിന് പത്തു പേരായി ചുരുങ്ങി. ബംഗളുരുവിന്റെ തുടരന് ആക്രമണങ്ങള്‍ക്കു ചെന്നൈയിന് വലയില്‍ കടക്കാനായില്ല. കളിയുടെ 53 ശതമാനം സമയത്തും പന്ത് ചെന്നൈയിന് താരങ്ങളുടെ പക്കലായിരുന്നു. ചെന്നൈയിന് കോച്ച് തോമസ് ബ്രാഡിച് 4-5-1 ഫോര്‍മേഷനും ബംഗളുരു കോച്ച് സിമോണ്‍ ഗാരിസണ്‍ 3-4-3 ഫോര്‍മേഷനിലും ടീമിനെ ഇറക്കി. ചെന്നൈയിന് ആദ്യ മത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാനെ തോല്‍പ്പിച്ചിരുന്നു. ബംഗളുരുവും ആദ്യ മത്സരത്തില്‍ ജയിച്ചു. രണ്ട് കളികളില്‍നിന്നു നാല് പോയിന്റ് നേടാന്‍ ഇരു ടീമുകള്‍ക്കുമായി. അത്രയും കളികളില്‍ നാലു പോയിന്റുള്ള ഹൈദരാബാദ് മികച്ച ഗോള്‍ ശരാശരി മൂലം ഒന്നാം സ്ഥാനത്തു തുടര്‍ന്നു. ചെന്നൈയിന് രണ്ടാമതും ബംഗളുരു മൂന്നാമതുമാണ്.




