റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അധ്യാപകന്റെ മരണം കൊലപാതകം: സുഹൃത്തും കാമുകിയും അറസ്റ്റില്‍

October 13, 2022 - 7:55 pm

മലപ്പുറം: എടക്കര കരിമ്പുഴ പുന്നപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അധ്യാപകനെ കൊല ചെയ്തതെന്ന് പോലീസ്. മുണ്ടേരി ഗവ. സ്‌കൂളിലെ അധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശിയുമായ ബാബുവിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കൊലപാതകത്തില്‍ പ്രതികളായ ഉദിരകുളം സ്വദേശി ബിജു എന്ന കമ്പി ബിജു (54), ഇയാളുടെ കാമുകി മൂത്തേടം എറയംതാങ്ങി കോളനി സ്വദേശിയായ ലത (37) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.എടക്കര ബിവറേജസില്‍ മദ്യം വാങ്ങുന്നതിനിടെ ഒരുമാസം മുമ്പാണ് മൂവരും പരിചിതരാകുന്നത്. സംഭവദിവസം 2022 സെപ്റ്റംബര്‍ ഏഴിനു മൂവരും എടക്കര കാറ്റാടി പാലത്തിന് അടിയില്‍ താമസിച്ചുവരുന്ന ലതയുടെ വീട്ടില്‍വച്ച് മദ്യപിച്ചു. തുടര്‍ന്ന് ബാബുവിന്റെ മൊബൈലില്‍ കണ്ട അശ്ലീല വീഡിയോയെച്ചൊല്ലി മൂവരും തര്‍ക്കത്തിലായി. ഇതിനിടെ കൈയില്‍ കരുതിയ മരവടി കൊണ്ട് ബിജു ബാബുവിന്റെ തലയ്ക്ക് അടിച്ചു. അടിയുടെ ആഘാതത്തില്‍ കുഴഞ്ഞുവീണ ബാബുവിനെ ഇരുവരും ചേര്‍ന്നു വലിച്ചിഴച്ചു പുന്നപുഴയിലെ കുത്തൊഴുക്കില്‍ തള്ളുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിനിടെ ബാബുവിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍, പണമടങ്ങിയ പഴ്സ്, കണ്ണട എന്നിവയും ഇവര്‍ അപഹരിച്ചു. ആറുദിവസം കഴിഞ്ഞ് സെപ്റ്റംബര്‍ 13ന് സംഭവസ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെ നിലമ്പൂര്‍ കരിമ്പുഴ പാലത്തിനുസമീപം ബാബുവിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് എടക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സെപ്റ്റംബര്‍ എട്ടിനു സഹോദരി നല്‍കിയ പരാതി പൂക്കോട്ടുംപാടം പോലീസ് അന്വേഷിച്ചുവരവെയാണ് പുന്നപ്പുഴയില്‍ ബാബുവിന്റെ മൃതദേഹം പൊങ്ങിയത്. മരണത്തില്‍ സംശയം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ ഡിവൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം എടക്കര ഇന്‍സ്പെക്ടര്‍ ശാസ്ത്രീയമായി അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ സൈബര്‍ അന്വേഷണമാണു പ്രതികളിലേക്ക് വിരല്‍ചൂണ്ടിയത്. ബാബുവിനെ കാണാതായദിവസം ഫോണ്‍ എടക്കര ടവറിന്റെ പരിധിയിലായതു പോലീസിനു തുണയായി.എടക്കര സി.ഐ: എന്‍.ബി. ഷൈജു, സബ് ഇന്‍സ്പെക്ടര്‍ പി.എസ്. മണി, സി.പി.ഒമാരായ മുജീബ്, എം.എല്‍. ശരത്ചന്ദ്രന്‍, അരുണ്‍, ശ്രീജ എസ്. നായര്‍, സാബിര്‍അലി, ഷൈനി എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *