റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോട്ടറി ടിക്കറ്റ് കവര്‍ന്ന ആറംഗ സംഘം അറസ്റ്റില്‍

September 19, 2022 - 10:47 am

മലപ്പുറം: കേരളാ ലോട്ടറിയുടെ 70 ലക്ഷം രൂപയുടെ സമ്മാനാര്‍ഹമായ ടിക്കറ്റ് കവര്‍ന്ന ആറംഗ സംഘം അറസ്റ്റില്‍. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലുരിക്കല്‍വീട്ടില്‍ അബ്ദുല്‍ അസീസ് (26), കോഴി പള്ളിയാളി വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (38), കൊങ്ങശ്ശേരി വീട്ടില്‍ അജിത് കുമാര്‍ (44), കലസിയില്‍ വീട്ടില്‍ പ്രിന്‍സ് (22), ചോലക്കുന്ന് വീട്ടില്‍ ശ്രീക്കുട്ടന്‍ (20), പാലക്കാട് കരിമ്പുഴ സ്വദേശി എളയേടത്തു വീട്ടില്‍ അബ്ദുല്‍ മുബഷിര്‍ (20) എന്നിവരാണ് പിടിയിലായത്. ഇവര്‍ തട്ടിയെടുത്ത ലോട്ടറി കണ്ടെത്താനായിട്ടില്ല. ഇവരുടെ പക്കല്‍ നിന്നു ലോട്ടറി വാങ്ങിയ സംഘം നിരീക്ഷണത്തിലാണ്. കൂടുതല്‍ അറസ്റ്റ് വൈകാതെയുണ്ടാകുമെന്നാണ് സൂചന.
ഓഗസ്റ്റ് 19 നു കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നിര്‍മ്മല്‍ ഭാഗ്യക്കുറി ടിക്കറ്റ് നമ്പര്‍ എന്‍.ഡി 798484 നമ്പര്‍ ലോട്ടറി ടിക്കറ്റിന് മഞ്ചേരി മുള്ളമ്പാറ സ്വദേശിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. ഈ ടിക്കറ്റിന് കൂടുതല്‍ പണം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന സമീപിക്കുകയും ടിക്കറ്റ് കൈമാറ്റം ചെയ്യുന്നതിനായി സമ്മാനര്‍ഹമായ ടിക്കറ്റുമായി മഞ്ചേരിയിലെ കച്ചേരിപ്പടിയിലേക്ക് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍ വിളിച്ചുവരുത്തുകയുമായിരുന്നു. തുടര്‍ന്ന് രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികള്‍ ടിക്കറ്റ് സ്‌കാന്‍ ചെയ്യാനാണെന്ന വ്യാജേന ടിക്കറ്റുമായി വന്നവരെ വാഹനത്തിനകത്തേക്കു കയറ്റി മാരകമായി പരുക്കേല്‍പ്പിച്ച് സമ്മാനര്‍ഹമായ ടിക്കറ്റുമായി കടന്നെന്നാണ് പരാതി.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തില്‍നിന്നുമാണ് പ്രതികളെ പിടികൂടിയത്. കള്ളപ്പണം വെളുപ്പിക്കുന്നതിനായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനാര്‍ഹമായവരെ കണ്ടെത്തി വന്‍ തുക ഓഫര്‍ ചെയ്തു തട്ടിപ്പ് നടത്തിവരുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നു പോലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് സ്വര്‍ണ വെള്ളരി, നിധി ഇരുതലമൂരി, വെള്ളിമൂങ്ങ, സ്വര്‍ണ കല്ല് തുടങ്ങിയ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.പ്രതികള്‍ കവര്‍ച്ചക്ക് ഉപയോഗിച്ച രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. തട്ടിപ്പ് സംഘത്തിന് സഹായം ചെയ്ത രണ്ടുപേരെ കഴിഞ്ഞ ദിവസം മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മഞ്ചേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷാഹുല്‍ കൊടിയില്‍, ഷാജി ചെറുകാട്, എന്‍.എം. അബ്ദുള്ള ബാബു, പി. ഹരിലാല്‍, ദിനേഷ് ഇരുപ്പകണ്ടന്‍, സലിം പൂവത്തി, ആര്‍. ഷഹേഷ് എന്നിവരും അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *