തിരുവനന്തപുരം: ഒന്ന്, രണ്ട് ക്ലാസുകളിലെ രണ്ടാം വാല്യം മലയാളം പാഠപുസ്തകത്തില്‍ അക്ഷരമാല ഉള്‍പ്പെടുത്തി. പാഠപുസ്തകത്തിന്റെ കോപ്പി മന്ത്രി വി. ശിവന്‍കുട്ടി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനു കൈമാറി. അക്ഷരമാല ഉള്‍പ്പെടുത്തിയ പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്തുതുടങ്ങി.
മലയാളം പാഠപുസ്തകത്തില്‍ അക്ഷരമാല ഉള്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് റവ.ഡോ. തോമസ് മൂലയില്‍ രംഗത്തെത്തിയിരുന്നു. മംഗളത്തില്‍ എഴുതിയ ലേഖനങ്ങളിലൂടെയാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്. തുടര്‍ന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്, എം.എന്‍. കാരശ്ശേരി തുടങ്ങിയവരടക്കം ഇക്കാര്യം ആവശ്യപ്പെട്ടു. ഇക്കൊല്ലംതന്നെ മലയാളം അക്ഷരമാല പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ തിരുവനന്തപുരം ആക്കുളത്തെ വീട്ടിലെത്തിയാണ് മന്ത്രി പാഠപുസ്തകത്തിന്റെ കോപ്പി കൈമാറിയത്.
മന്ത്രി വാക്കുപാലിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
മാതൃഭാഷാ പ്രചാരണത്തിന് മന്ത്രി മുന്‍കൈയെടുത്ത് കൂടുതല്‍ പദ്ധതികളുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടൂര്‍ ഗോപാലകൃഷ്ണന് അടക്കമുള്ളവരോടു നല്കിയ വാക്ക് പാലിക്കാനായതില്‍ സന്തോഷമെന്ന് മന്ത്രി വി. ശിവന്‍കുട്ടിയും പ്രതികരിച്ചു.



