റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അട്ടപ്പാടി മധു കേസിലെ സാക്ഷി സുനിൽ കുമാറിന് കാഴ്ചക്ക് പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട്

September 15, 2022 - 6:21 am

പാലക്കാട് : അട്ടപ്പാടി മധു കേസിൽ മൊഴി മാറ്റിയ സാക്ഷിക്ക് കാഴ്ചക്ക് പ്രശ്നങ്ങളില്ലെന്ന് പ്രാഥമിക നേത്ര പരിശോധനാ റിപ്പോർട്ട്. പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് സാക്ഷിയായ വനംവകുപ്പ് വാച്ചർ സുനിൽ കുമാറിന് കാഴ്ചക്ക് പ്രശ്നങ്ങളില്ലെന്ന് വ്യക്തമായത്. വിശദമായ റിപ്പോർട്ട്‌ അടുത്ത ദിവസം വിചാരണക്കോടതിയിൽ ഹാജരാക്കും. ആൾക്കൂട്ടം മർദ്ദിച്ച് കൊന്ന അട്ടപ്പാടി മധു കേസിലെ ഇരുപത്തിയൊമ്പതാമത്തെ സാക്ഷി സുനിൽ കുമാർ മൊഴിമാറ്റിയതിന് പിന്നാലെയാണ് കോടതിയിടപെട്ടലുണ്ടായത്.

മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും കള്ളൻ എന്ന് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തുന്നതും കണ്ടുവെന്നായിരുന്നു സുനിൽകുമാർ ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴി കോടതിയിൽ സുനിൽ തിരുത്തി. ഇതോടെ, പ്രോസിക്യൂഷൻ ആ ദിവസത്തെ വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും കോടതി അനുമതി നൽകുകയും ചെയ്തു.

മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും മർദ്ദിക്കുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. സാക്ഷിയായ സുനിൽ കുമാർ നോക്കി നിൽക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. എന്നാൽ ഇതോടെ തനിക്ക് കാഴ്ചക്ക് കുറവുണ്ടെന്നും ഒന്നും കാണുന്നില്ലെന്നുമായിരുന്നു സാക്ഷി കോടതിയെ അറിയിച്ചത്. പിന്നാലെ ഇടപെട്ട കോടതി ഇയാളുടെ കാഴ്ച പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പാലക്കാട് ആശുപത്രിയിൽ വെച്ച് പരിശോധന നടന്നത്.

അതിനിടെ കോടതിയിൽ മൊഴിമാറ്റിയതിന് പിന്നാലെ വനംവാച്ചറായ സുനിൽ കുമാറിനെ വനംവകുപ്പ് പിരിച്ചു വിട്ടു. സൈലന്റ് വാലി ഡിവിഷന് കീഴിലെ താത്കാലിക വനം വാച്ചറായിരുന്ന സുനിൽകുമാറിനെതിരെ കൂറുമാറിയതോടെ വനം വകുപ്പ് നടപടിയെടുത്തത്. ഇതോടെ കൂറു മാറിയതിന് പിരിച്ചു വിട്ട വനം വച്ചർമാർ നാലായി. ഇന്ന്(14.09.2022) വിസ്തരിച്ച 31 ആം സാക്ഷി ദീപുവും കോടതിയിൽ മൊഴിമാറ്റി. ഇതോടെ ആകെ കൂറുമാറിയവർ 16 ആയി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *