തൊടുപുഴ : ഇടുക്കി കുടയത്തൂരിലെ ഉരുൾപൊട്ടലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. മണ്ണിനടിയിലായ മൂന്നുപേരെ ഇനിയും കണ്ടെത്താനുണ്ട്. സംഗമം കവല മാളിയേക്കൽ കോളനിയിലാണ് ഉരുൾപൊട്ടിയത്. ചിറ്റാലിച്ചാലിൽ സോമന്റെ വീട് പൂർണമായും ഒലിച്ചുപോയി. മാതാവ് തങ്കമ്മയുടെ മൃതദേഹം രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയിരുന്നു.
29/08/2022 പുലർച്ചെ മൂന്ന് മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. കാണാതായവർക്ക് വേണ്ടി ഫയർഫോഴ്‌സും നാട്ടുകാരും പൊലീസും തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. പ്രദേശത്ത് ആദ്യമായാണ് ഉരുൾപൊട്ടലുണ്ടാകുന്നതെന്നും രക്ഷാപ്രവർത്തനം ഊർജിതമാക്കിയെന്നും മന്ത്രി റോഷി അഗസ്റ്റിൻ ട്വന്റിഫോറിനോട് പറഞ്ഞു. ജാഗ്രത തുടരണമെന്ന് ഡീൻ കുര്യാക്കോസ് എംപി പ്രതികരിച്ചു.
മണ്ണുമാന്തി യന്ത്രം അടക്കമുള്ള സംവിധാനങ്ങളെത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്. വീണ്ടും ഉരുൾപൊട്ടാനുള്ള സംശയം മുന്നറിയിപ്പ് നൽകിയതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. രണ്ടാമത് കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സോമൻ, ഭാര്യ ഷീജ, മകൾ ഷൈബ, ഇവരുടെ മകൻ ദേവനന്ദ്, സോമന്റെ മാതാവ് തങ്കമ്മ എന്നിവരാണ് അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത്.
‘തൊടുപുഴയിൽ നിന്ന് അരമണിക്കൂർ ദൂരത്താണ് ഉരുൾപൊട്ടലുണ്ടായ സ്ഥലം. രാത്രി 12 മണിയോടെയാണ് മഴ അതിശക്തമായത്. കുടയത്തൂർ പഞ്ചായത്തിൽ വർഷങ്ങൾക്ക് മുൻപും ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. എല്ലാ മലയോര മേഖലയിലും ജാഗ്രത കൂടുതൽ പുലർത്തണം’. ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.



