ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്രത്തില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. അവിവാഹിതയെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചു. 24 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി 25കാരി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
യുവതിയുടെ ജീവന് ഭീഷണിയില്ലാതെ ഭ്രൂണഹത്യ നടത്താമോയെന്ന് പരിശോധിക്കാന്‍ ഡല്‍ഹി എയിംസ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. അതിനായി ഡോക്ടര്‍മാരുടെ രണ്ടംഗ സംഘം രൂപീകരിച്ച് വെള്ളിയാഴ്ച യുവതിയെ പരിശോധനയ്ക്ക് വിധേയമാക്കാനും കോടതി ഉത്തരവിട്ടു. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി എയിംസില്‍ ഗര്‍ഭച്ഛിദ്രം നടത്താനും കോടതി നിര്‍ദേശിച്ചു.
2021ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് ഭേദഗതിയില്‍ സെക്ഷന്‍ 3ല്‍ ഭര്‍ത്താവിന് പകരം പങ്കാളി എന്ന വാക്ക് ഉപയോഗിക്കുന്നു. ഇത് വിവാഹിതരല്ലാത്ത സ്ത്രീകളെയും നിയമത്തിന് കീഴില്‍ ഉള്‍പ്പെടുത്തിയതിന് തെളിവാണ് എന്നും കോടതി വ്യക്തമാക്കി.



