പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന ഗവിയില്‍ 800 ഹെക്ടര്‍ വനം ബഹുരാഷ്ട്ര എണ്ണ കമ്പനിയുടെ കാര്‍ബണ്‍ ക്രെഡിറ്റ് ആവശ്യത്തിന് വിനിയോഗിക്കാനുള്ള നടപടി അവസാന ഘട്ടത്തിലാണ്. നടപടികള്‍ ആരംഭിച്ചതും പുരോഗമിച്ചതും ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
വനം വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള പ്രദേശമാണ് ഗവി. ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ കുടിയിരുത്താനായി ആരംഭിച്ചതാണ് കോര്‍പ്പറേഷന്റെ ഏലത്തോട്ടം. അവിടെ അവശേഷിക്കുന്ന തമിഴ് അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വനംവകുപ്പ് നല്‍കി ഏറ്റെടുത്ത് പെരിയാര്‍ വന്യജീവി കേന്ദ്രത്തിന്റെ ഭാഗമാക്കാനും അതിനുശേഷം എണ്ണക്കമ്പനിയുടെ സഹായത്തോടെ 800 ഹെക്ടര്‍ വനം സംരക്ഷിക്കുന്ന പദ്ധതി ആരംഭിക്കാനുമാണ് നീക്കം.
കമ്പനി പ്രതിനിധികൾക്ക് വനംവകുപ്പ് ആതിഥ്യം നൽകി.
വിദേശ എണ്ണക്കമ്പനിയുടെ പ്രതിനിധികള്‍ ഗവി സന്ദര്‍ശിക്കുകയും വനം ഉദ്യോഗസ്ഥര്‍ അവര്‍ക്ക് ആതിഥ്യം നല്‍കുകയും ചെയ്തിരുന്നു. വിദേശ എണ്ണ കമ്പനിയെ വനസംരക്ഷണത്തില്‍ പങ്കാളിയാക്കാനുള്ള പദ്ധതിക്ക് ദീര്‍ഘകാലത്തെ മുന്നൊരുക്കങ്ങള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്.

ഒരു വിദേശ കമ്പനിയുടെ താല്പര്യത്തിന് വേണ്ടി അരനൂറ്റാണ്ട് കഴിഞ്ഞ അഭയാര്‍ത്ഥി പുനരധിവാസം വരെ ഇല്ലാതാക്കി മുന്നേറുന്ന പദ്ധതിക്ക് പിന്നില്‍ ഉന്നത ഇടപെടലും അനുമതിയും ഉറപ്പാണ്.
ആരുടെ അനുമതിയോടെ പദ്ധതി ഇതുവരെ എത്തി എന്ന് പുറത്തു വരാനിരിക്കുന്നു.
കേന്ദ്ര ആഭ്യന്തരവകുപ്പ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ അനുമതിയില്ലാതെയാണ് നടപടികളെങ്കില്‍ പദ്ധതി നീക്കം തന്നെ കുറ്റകരം കൂടിയാണ്. വനം സംരക്ഷിക്കുവാന്‍ വിദേശ സഹായം തേടുന്നതിനു പോലും അനുമതി ആവശ്യമുണ്ട്. പാക്കിസ്ഥാന്റേയോ ചൈനയുടേയോ കമ്പനികളുമായി ചേര്‍ന്ന് വനം വകുപ്പ് സംയുക്ത പദ്ധതി മെനയുന്നതുപോലെ തന്നെയാണിത്. രാജ്യത്തിന്റെ വിഭവ സംരക്ഷണത്തിന് വനംവകുപ്പിനെ ചുമതലപ്പെടുത്തിയ പോലെയാണ് ഉദ്യോഗസ്ഥ നീക്കങ്ങള്‍.
Read More : എന്താണ് ബഫർസോൺ ? എത്ര ദൂരം വരും ? എങ്ങനെ ജനജീവിതത്തെ ബാധിക്കും ?
സഹായമെന്ന വാക്കാണ് പദ്ധതിയില്‍ ഉപയോഗിക്കുന്നതെങ്കിലും ശതകോടികളുടെ കച്ചവടമാണ് പിന്നിലുള്ള താല്പര്യം. ലോകത്തെവിടെയെങ്കിലും സംരക്ഷിക്കുന്ന വനത്തിന്റേയും നിര്‍വീര്യമാക്കുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റേയും അളവിനനുസരിച്ച് മാത്രമേ യൂറോപ്യന്‍ കമ്പനികള്‍ക്ക് അവിടെ പ്രവര്‍ത്തിക്കാനാവൂ. പെട്രോളിയം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ അവര്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിന് തുല്യമായത്ര അളവില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ഇല്ലാതാക്കുന്ന പ്രവര്‍ത്തനം സംഘടിപ്പിക്കണം.
എണ്ണക്കമ്പനിയുടെ നിലനിൽപ്പിന് വനം ലഭിച്ചേ തീരൂ.
തേക്കടി വനത്തിന്റെ ഭാഗമാക്കിയ 800 ഹെക്ടറില്‍ വനം സംരക്ഷിക്കുന്ന പ്രവര്‍ത്തനം നടത്തിയാല്‍ അവിടെ നിര്‍വീര്യമാക്കുന്ന അത്ര അളവ് കാര്‍ബണ്‍ഡയോക്‌സൈഡ് ഉണ്ടാക്കുന്ന ബിസിനസ്സ് കമ്പനിക്ക് നടത്താം. ഇല്ലെങ്കില്‍ ഉത്പാദനം നിര്‍ത്തണം. മലിനീകരണമുണ്ടാക്കുന്ന കമ്പനികളും അതിനെ ആശ്രയിച്ചു നില്‍ക്കുന്ന തൊഴില്‍ വിപണിയും സമൂഹങ്ങളും രാജ്യങ്ങളുമെല്ലാം പല മാര്‍ഗങ്ങളിലൂടെ ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഭൂമിയിലും വനത്തിലും പിടിമുറുക്കാന്‍ ശ്രമിക്കുകയാണ്. ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലത്തെ കച്ചവട ദാഹത്തിന്റെ മറ്റൊരു പതിപ്പാണ് ഇന്ന് നടക്കുന്നത്

മലിനീകരണത്തില്‍ മുങ്ങിത്താഴുന്ന കുത്തകകള്‍ക്കും അവരെ ആശ്രയിച്ചു നില്‍ക്കുന്ന രാജ്യങ്ങള്‍ക്കും ഈ ഭൂഖണ്ഡങ്ങളിലെ മണ്ണും വനവും കീഴടക്കിയേ പറ്റൂ. അത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഈ കോര്‍പ്പറേറ്റുകള്‍ പോറ്റി വളര്‍ത്തുന്ന പരിസ്ഥിതി സംഘടനകളും പരിസ്ഥിതി ശാസ്ത്രജ്ഞരും പരിസ്ഥിതി സംരക്ഷണം എന്നാല്‍ മരം വളര്‍ത്തല്‍ മാത്രമാണെന്ന് പ്രചരിപ്പിക്കുകയും വനം വകുപ്പിന്റെ ആവശ്യങ്ങള്‍ വിശുദ്ധമായ പ്രകൃതി ലക്ഷ്യങ്ങളാണെന്ന് പ്രചരിപ്പിക്കുകയുമാണ്.
ആദിവാസികളെ പുറംതള്ളി. കർഷകരുടെ ഭൂമി പിടിച്ചെടുക്കുന്നു. എല്ലാം കുത്തകകൾക്ക് വേണ്ടി.
ഈ പ്രചരണത്തിന്റെ മറവില്‍ ആദിവാസികളെ വനത്തില്‍ നിന്ന് പീഡിപ്പിച്ച് പുറന്തളള്ളുന്നു. കര്‍ഷകരെ പരിസ്ഥിതി ലോല മേഖലയുടെ പേരില്‍ പുറത്താക്കി ഭൂമി പിടിച്ചെടുക്കുന്നു. മഹത്തായ പ്രകൃതി സംരക്ഷണ ലക്ഷ്യങ്ങളായി ഇതിനെയൊക്കെ പാടി പുകഴ്ത്തുന്ന പണി മീഡിയയും ചെയ്യുന്നു.
Read more: കേരളത്തിൽ ബഫർസോണിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാകുമോ?
കൂടുതല്‍ ഭൂമിയും കൂടുതല്‍ മരവും പാശ്ചാത്യ വ്യവസായങ്ങള്‍ക്ക് ഇന്നാവശ്യമാണ്. പാശ്ചാത്യ വിസര്‍ജ്യങ്ങള്‍ ഏറ്റുവാങ്ങുന്ന ജോലിയാണ് വനംവകുപ്പിനെ മുന്‍നിര്‍ത്തി അവര്‍ ചെയ്യിപ്പിക്കുന്നത്. അതിന് രാജ്യത്തിന്റെ വനവും ഭൂമിയും ഉപയോഗപ്പെടുത്തുന്നു. മാത്രമല്ല കൂടുതല്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നു. ബഫര്‍ സോണും പരിസ്ഥിതിലോല മേഖലയും ഉണ്ടാക്കി കര്‍ഷകരെ വഴിയാധാരമാക്കുകയും ചെയ്യുന്നു. പിന്നിലുള്ളതാകട്ടെ ബഹുരാഷ്ട്ര കുത്തകകളുടെ പിടിച്ചുനില്‍പ് മാത്രം! അവരുടെ താല്‍പര്യങ്ങള്‍ പണമായി ഒഴുകിയെത്തുന്നു.
Read More: കേരള സർക്കാർ നീക്കത്തിൽ ബഫർ സോൺവനത്തിൽ പെടുന്ന ജീവിതങ്ങൾ രക്ഷപെടുമോ?
ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാര്‍ ശാസ്ത്രലോകം മാധ്യമങ്ങള്‍ ജുഡീഷ്യറി ഇവരെയെല്ലാം സ്വാധീനിക്കാനുള്ള പ്രചരണവും സംഘടിപ്പിക്കപ്പെടുന്നു. വിദേശരാജ്യങ്ങളുടെ ചാരസംഘടനകള്‍ പോലും വനത്തിനും വനം ആക്കാന്‍ ഭൂമിക്കും വേണ്ടി രംഗത്തുണ്ട് എന്നാണ് വിവരം. മരംവയ്പ്പല്ല പാശ്ചാത്യ വ്യവസായങ്ങളുടെ നിലനില്‍പ്പിനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമി വനം ആക്കി മാറ്റിയുള്ള ബഫര്‍സോണ്‍ വിധിക്ക് പിന്നാലെയാണ് ബഹുരാഷ്ട്ര എണ്ണ കമ്പനി തേക്കടി വനത്തില്‍ 800 ഹെക്ടര്‍ കരസ്ഥമാക്കുന്ന ചിത്രം പുറത്തുവന്നിരിക്കുന്നത്.
ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888
അറിയിപ്പ്
കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ബഫർസോൺ പ്രഖ്യാപിച്ചാൽ അവിടെ താമസിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശം തടസപ്പെടുമെന്ന് കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, പ്രസിഡണ്ട്, പ്രധാനമന്ത്രി, കേന്ദ്ര വനംമന്ത്രി, കേരള ഗവർണർ, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവർക്ക് നൽകാനായി കേരളത്തിൽ ഓൺലൈനായി ഒപ്പുശേഖരണം നടക്കുന്നുണ്ട്. പൊതുതാത്പര്യം മുൻനിർത്തിയുള്ള ഈ പരിപാടിയിൽ പങ്കെടുക്കുകയും സുഹൃത്തുക്കൾക്ക് പങ്കിട്ടും പ്രചരിപ്പിച്ചും സഹകരിക്കുക. താഴെയുള്ള ലിങ്ക് ഷെയർ ചെയ്തുവേണം അങ്ങനെ ചെയ്യാൻ. സ്വന്തം അഭിപ്രായവും അഭ്യർഥനയും എഴുതിയോ വീഡിയോ രൂപത്തിലോ പ്രചരിപ്പിക്കാം. ലിങ്ക് ഓപ്പൺ ചെയ്ത് വിവരങ്ങൾ നൽകി ക്ലിക്ക് ചെയ്താൽ ഒപ്പുശേഖരണത്തിൽ പങ്കെടുക്കാനാകും.

