റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം

July 1, 2022 - 11:40 am

തിരുവനന്തപുരം: എകെജി സെന്ററിനെതിരായ ബോംബേറ് പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. സംഭവസ്ഥലം സന്ദർശിച്ച എഡിജിപി വിജയ് സാഖറെ ആക്രമണത്തിന് മുന്നിൽ രാഷ്ട്രീയമുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ല എന്ന് വ്യക്തമാക്കി.

എകെജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് അക്രമിയെ കണ്ടെത്താൻ പരിശോധന വ്യാപകമാക്കി പോലീസ്. എകെജി സെന്റർ പോലെ കനത്ത സുരക്ഷ ഉള്ള ഒരിടത്ത് പോലീസ് കാവൽ ഉണ്ടായിരിക്കെ എങ്ങനെ ആക്രമമുണ്ടായെന്നാണ് പ്രധാന ചോദ്യം. അക്രമം ഉണ്ടായ ഉടൻ പോലീസ് എന്തുകൊണ്ട് ഇരുചക്ര വാഹനത്തെ പിന്തുടർന്നില്ല എന്നതും പ്രധാനമാണ്. ക്യാമറയിൽ അക്രമിയുടെ മുഖമോ വാഹനത്തിന്റെ നമ്പറോ വ്യക്തമായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. എന്നാൽ ചുറ്റും ക്യാമറ ഉള്ള എകെജി സെന്ററിൽ അതേക്കുറിച്ച് അറിയാത്ത ഒരാൾക്ക് അക്രമം നടത്താനാകുമോ എന്നതാണ് പ്രതിപക്ഷ ചോദ്യം.

വിമർശനങ്ങൾ വ്യാപകമായതോടെ എകെജി സെന്ററിന്റെ പരിസരത്ത് വ്യാപക പരിശോധനയാണ് പോലീസ് നടത്തുന്നത്. അക്രമി സഞ്ചരിച്ച കുന്നുകുഴി റോഡിലെ വീട്, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. അവ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. 15 സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് പരിശോധന. ആക്രമണം നടത്തിയ ആൾ 30/06/22 വ്യാഴാഴ്ച രാത്രി 11.20ന് എകെജി സെന്ററിലേക്കും, 11.23ന് കുന്നുകുഴിയിലേക്കും സ്കൂട്ടറിൽ പോകുന്ന ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. സ്ഫോടക വസ്തു എറിഞ്ഞ ശേഷം അക്രമി വളരെ വേഗത്തിൽ വാഹനത്തിൽ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

വലിയ സ്ഫോടന ശബ്ദവും പുകയും ഉണ്ടായതിനെ തുടർന്ന് പ്രധാന ഗേറ്റിന് സമീപം ഉണ്ടായിരുന്ന പോലീസും, ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടിയെത്തിയപ്പോഴേക്കും സ്കൂട്ടറിൽ എത്തിയയാൾ രക്ഷപ്പെട്ടിരുന്നു. എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, മന്ത്രിവീണാ ജോർജ് അടക്കമുള്ളവർ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. സിറ്റി പോലീസ് കമ്മീഷണർ സ്പര്‍ജന്‍ കുമാര്‍ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ് . വിവിധ ജില്ലകളിലെ രാഷ്ട്രീയപാർട്ടി ഓഫീസുകൾക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പ്രധാന നേതാക്കളുടെ വീടുകൾക്കും പോലീസ് സുരക്ഷ കൂട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെയും, കെപിസിസി പ്രസിഡൻറ് സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനും കണ്ണൂർ ഡിസിസി ഓഫീസിനും ഉൾപ്പെടെ സംസ്ഥാനത്തെ മിക്ക പാർട്ടി ഓഫീസുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. പ്രതിഷേധ മാർച്ചുകൾ അക്രമാസക്തം ആകാതിരിക്കാൻ കനത്ത ജാഗ്രതയിലാണ് പോലീസ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *