മൂന്നാറിലെ മാലിന്യ പ്രശ്നത്തിനും പരിഹാരം

സംസ്ഥാനത്തെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലെ മാലിന്യ പ്രശ്നം പരിഹരിക്കാനും ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് പദ്ധതി വലിയ ഗുണം ചെയ്തെന്നു പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ. ആറു മാസംകൊണ്ട് 13,270 കിലോ പ്ലാസ്റ്റിക് ശേഖരിച്ചു നിർമാർജം ചെയ്തു. രണ്ടു ലക്ഷത്തോളം രൂപ വരുമാനവും ലഭിച്ചു. വെള്ളാറിൽ നടക്കുന്ന ഇന്ത്യ ഹൈ റേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ് പദ്ധതി അനുഭവ ജ്ഞാന ശില്പശാലയിൽ അനുഭവം പങ്കുവെക്കുകയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. മാലിന്യ പ്രശ്നമുണ്ടാക്കുന്ന പ്രതിസന്ധി മറികടക്കാൻ യു.എൻ.ഡി.പി യുടെ സഹകരണത്തോടെ വീടുകളിൽ ബോധവത്കരണം നടത്തി. ശാസ്ത്രീയമായ രീതിയിൽ മാലിന്യങ്ങൾ ശേഖരിച്ചാണു പദ്ധതി നടപ്പാക്കിയത്. 20 അംഗങ്ങൾ അടങ്ങുന്ന ഹരിത കർമ സേന രൂപീകരിച്ചുകൊണ്ട് 100 വീടുകൾക്ക് ഒരു മാലിന്യ ശേഖരണ കേന്ദ്രം തുടങ്ങി മാലിന്യ സംസ്‌കാരണം സാധ്യമാക്കി. ഹരിതകേരളം മിഷൻ, കുടുംബശ്രീ തുടങ്ങിയവയുടെ കൂട്ടായ പ്രവർത്തനമാണ് കാര്യക്ഷമമായ ഫലം കൊണ്ടുവരാൻ കാരണമായതെന്ന് മൂന്നാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേന്ദ്രൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →