റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുൻമന്ത്രിയും, മുതിർന്ന സിപിഎം നേതാവുമായ ശിവദാസമേനോൻ അന്തരിച്ചു

June 28, 2022 - 1:09 pm

കോഴിക്കോട്: മുൻ മന്ത്രിയും, മുതിർന്ന സിപിഎം നേതാവുമായ ടി ശിവദാസമേനോൻ അന്തരിച്ചു. 28/06/22 ചൊവ്വാഴ്ച ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. പുലർച്ചെ രണ്ടു തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മലമ്പുഴ മണ്ഡലത്തിൽ നിന്നും മൂന്നുതവണ നിയമസഭയിൽ എത്തിയ അദ്ദേഹം ദീർഘകാലം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗവുമായിരുന്നു. രണ്ടുതവണയായി ഇ കെ നായനാർ മന്ത്രിസഭയിൽ ധനകാര്യം, വൈദ്യുതി, ഗ്രാമ വികസന വകുപ്പുകൾ കൈകാര്യം ചെയ്തു. 1991 ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ള് ഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് ഏൽപ്പിച്ചു കൊടുത്ത തീരുമാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ശിവദാസമേനോൻ രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. സംസ്ഥാനത്ത് അധ്യാപക യൂണിയനുകൾ സംഘടിപ്പിക്കുന്നതിൽ ശക്തമായ ഇടപെടൽ അദ്ദേഹം നടത്തിയിരുന്നു. മണ്ണാർക്കാട് കെടിഎം ഹൈസ്കൂളിൽ 30 വർഷത്തോളം അധ്യാപകനായിരിക്കെ കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ രൂപീകരിച്ചായിരുന്നു പോരാട്ട രംഗത്തേക്ക് പ്രവേശിച്ചത്. 1987, 1991, 1996 കാലയളവിൽ മലമ്പുഴയിൽ നിന്നും നിയമസഭയിൽ എത്തി. പാലക്കാട് മണ്ഡലത്തിൽ ലോക്സഭയിലേക്ക് മത്സരിച്ചു എങ്കിലും വിജയിക്കാനായില്ല.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരിക്കെ വള്ളുവനാട്ടിൽ പാർട്ടി വളർത്താൻ ശിവദാസമേനോനെയാണ് നേതൃത്വം നിയോഗിച്ചത്. തുടർന്ന് പടിപടിയായി പാർട്ടി നേതൃത്വനിലയിലേക്ക് ഉയരുകയായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഒടുവിൽ പ്രചാരണ രംഗത്ത് സജീവമായത്. പിന്നീട് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ഭാര്യ ഭവാനി അമ്മ 2003 ൽ മരിച്ചു. മക്കൾ: ടി കെ ലക്ഷ്മീദേവി, കല്യാണിക്കുട്ടി. മരുമക്കൾ: കരുണാകരമേനോൻ, സി ശ്രീധരൻ നായർ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *