കൊച്ചി: രണ്ടുവർഷം തുടർച്ചയായി സഹകരിച്ചില്ലെങ്കിൽ അംഗങ്ങൾക്ക് നേരെ നടപടിയെടുക്കുമെന്ന് താരസംഘടനയായ അമ്മ. രണ്ടു വർഷം തുടർച്ചയായി വിട്ടു നിന്നാൽ വിശദീകരണം തേടും. ആദ്യപടിയായി ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഒഴിവാക്കും. യോഗങ്ങളിൽ യുവതാരങ്ങൾ പങ്കെടുക്കാത്തതില്‍ കടുത്ത അതൃപ്തിയും സംഘടന പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം അമ്മ സംഘടനയിൽ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കത്തിന് പിന്നിൽ അച്ഛനോട് ദേഷ്യം ഉള്ളവർ ആണെന്ന് ആരോപിച്ച് ഷമ്മി തിലകൻ രംഗത്തെത്തിയിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം. അമ്മയുടെ പ്രസിഡണ്ടായ മോഹൻലാലിന് പലകത്തുകളും നൽകിയിരുന്നെങ്കിലും ഒന്നിനും മറുപടി കിട്ടിയില്ലെന്നും പറഞ്ഞു. നടപടി എടുക്കരുതെന്ന് മമ്മൂട്ടിയടക്കമുള്ളവർ പറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു.
അമ്മയിലെ ഭൂരിഭാഗം അംഗങ്ങൾക്കും കാര്യങ്ങൾ എന്തെന്ന് മനസ്സിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്. സംഘടനയെ മാഫിയ സംഘം എന്ന് വിളിച്ചിട്ടില്ല. സംഘടനയോട് തനിക്ക് ഒരു വിരോധവുമില്ല. സംഘടനയെ സ്വന്തം അമ്മയെപ്പോലെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയിൽ നിന്ന് പുറത്താക്കാൻ മാത്രമുള്ള ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



