ആലപ്പുഴ: അരൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കൊച്ചുപുരക്കല്‍ 23-ാം നമ്പര്‍ അങ്കണവാടിക്കായി പുതിയ ഹൈടെക് കെട്ടിടത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു.
വര്‍ഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്ക് ജില്ലാ പഞ്ചായത്തിന്‍റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 20 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമ്മിയ്ക്കുന്നത്.
പൂര്‍ണ്ണമായും ശിശുസൗഹൃദ മാതൃകയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ശീതീകരിച്ച പഠനമുറി, നിറപ്പകിട്ടാര്‍ന്ന ഇരിപ്പടങ്ങള്‍, ഡിജിറ്റല്‍ പഠന സംവിധാനം, അക്ഷരങ്ങളും മൃഗങ്ങളെയും പക്ഷികളെയും പരിചയപ്പെടുത്തുന്ന ചുവരെഴുത്തുകളും ചിത്രങ്ങളും, വിശാലമായ കളിസ്ഥലം, കളി ഉപകരണങ്ങള്‍ തുടങ്ങിയവയുണ്ടാകും.
കെട്ടിടത്തിന്‍റെ നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഊര്‍ജ്ജിത ശ്രമം നടത്തിവരികയാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശന്‍ പറഞ്ഞു.